തൃക്കാക്കരയിലെ പിണറായിയുടെ സമ്മിശ്രക്കൂട്ട്

തിരുവനന്തപുരം: പുതിയ കാലത്തിന്‍റെ അഭിരുചിക്കൊപ്പം മാറിയ സി.പി.എം സംസ്ഥാന നേതൃത്വം അതിനനുസരിച്ച സ്ഥാനാർഥി നിർണയമാണ് തൃക്കാക്കരയിലും പരീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഈ സോഷ്യൽ എൻജിനീയറിങ് ഭരണത്തുടർച്ചയിലെ ആദ്യ ഉപതെരഞ്ഞെടുപ്പിലും വിജയം സമ്മാനിക്കുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. വികസന രാഷ്ട്രീയവും ആരുടെ വികസനമെന്ന മറുചോദ്യവും തമ്മിലുള്ള ഏറ്റുമുട്ടലിനുപരി തൃക്കാക്കര പിണറായി വിജയന്‍റെ സമ്മിശ്ര കൂട്ടിനെ എങ്ങനെ സ്വീകരിക്കുമെന്നതാകും കാലം കാത്തുവെക്കുന്ന ചോദ്യം.

രണ്ട് ഘടകങ്ങളാണ് സി.പി.എം സ്ഥാനാർഥി നിർണയത്തിൽ അടിത്തറയായത്. സീറോ മലബാർ സഭ നേതൃത്വത്തിന്‍റെ ആഗ്രഹത്തിനനുസരിച്ച സ്ഥാനാർഥി എന്നതായിരുന്ന ആദ്യ ഘടകം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ പ്രാദേശിക കലാപത്തിൽ കുറ്റ്യാടി നിയമസഭ സീറ്റ് തിരിച്ചുനൽകിയ കേരള കോൺഗ്രസ് (എം) നേതൃത്വത്തിന് നൽകിയ വാക്കാണ് രണ്ടാമത്തേത്. ഇനിവരുന്ന അവസരത്തിൽ അവരുടെ താൽപര്യംകൂടി പരിഗണിക്കുമെന്നതായിരുന്നു ആ ഉറപ്പ്. ഇവ രണ്ടും സമ്മിശ്രമായതാണ് ഡോ. ജോ ജോസഫിന്‍റെ സ്ഥാനാർഥിത്വമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇത് അട്ടിമറിക്കാൻ എറണാകുളത്തെ സി.പി.എം നേതാക്കളിൽ ചിലർ ശ്രമിച്ചെന്ന അതൃപ്തി സംസ്ഥാന നേതൃത്വത്തിനുണ്ട്. അതിലെ നടപടി ഫലപ്രഖ്യാപനശേഷമാകും.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയെതുടർന്ന് ജില്ലയിലെ ഒരുപിടി നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയുണ്ടായി. അന്ന് അന്വേഷണ കമീഷൻ ചൂണ്ടിക്കാട്ടിയ പാർലമെന്‍ററി വ്യാമോഹം ഉൾപ്പെടെ വീഴ്ചകൾ തിരുത്തിയതുകൂടിയാണ് ഇത്തവണത്തെ പ്രതീക്ഷക്ക് ഒരു കാരണം.

എറണാകുളം ജില്ലയിൽ കോൺഗ്രസിലുണ്ടാകുന്ന ഉൾപിരിവുകളും അതിന്‍റെ പ്രതികരണവും മണ്ഡലത്തിൽ അടിയൊഴുക്കായി വന്നാലും അത് ഭയപ്പെടേണ്ടതില്ലെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. പി. രാജീവിന്‍റെ അഭിമാന പോരാട്ടം കൂടിയാണ് തൃക്കാക്കര. മറുപക്ഷത്ത് വി.ഡി. സതീശനും കെ. സുധാകരനും നിലനിൽപിന്‍റെ പ്രശ്നമാണെന്നും സി.പി.എം തിരിച്ചറിയുന്നു.

Tags:    
News Summary - Pinarayi's compound in Thrikkakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.