പി.ജെ ജോസഫിന്‍റെ പിൻഗാമി മകൻ അപു ജോൺ ജോസഫ്; കേരള കോൺഗ്രസ് സംസ്ഥാന കോഓഡിനേറ്ററാക്കി

കോട്ടയം: കേരള കോൺഗ്രസ് പാർട്ടികളിൽ മക്കൾ രാഷ്ട്രീയം തുടർക്കഥയാണെന്ന്​ തെളിയിച്ച്​ പി.ജെ. ജോസഫിന്‍റെ പിൻഗാമിയായി മകൻ അപു ജോൺ ജോസഫ്​. കോട്ടയത്ത്​ ചേർന്ന കേരള കോൺഗ്രസ്​ ഉന്നതാധികാരസമിതി യോഗം​ അപുവിന്​ പാർട്ടിയിലെ ഉന്നതസ്ഥാനങ്ങൾ നൽകി​.

പാർട്ടി സംസ്ഥാന കോഓഡിനേറ്ററായി നിയമിച്ച അപുവിനെ ഹൈപവർ കമ്മിറ്റിയിലും ഉൾപ്പെടുത്തി. എൻ.സി.പി വിട്ട് കേരള കോൺഗ്രസിൽ എത്തിയ റെജി ചെറിയാനെയും കെ.എം. മാണിയുടെ മരുമകൻ എം.പി. ജോസഫിനെയും വൈസ്​ ചെയർമാന്മാരാക്കി.

പുതിയ നിയമനത്തിലൂടെ പാർട്ടിയിലെ ആദ്യത്തെ അഞ്ച്​ പ്രധാനികളിലൊരാളായി അപു മാറി​. മക്കൾ രാഷ്ട്രീയത്തിന്​ ഏറെ വേരോട്ടമുള്ള കേരള കോൺഗ്രസ് പാർട്ടികളിൽ ജോസഫ്​ ഗ്രൂപ്പും അത്​ പിന്തുടരുന്നതിന്‍റെ സൂചനയായി അപുവിന്‍റെ സ്ഥാനക്കയറ്റം. വരുന്ന തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന്​ അപു മത്സരിച്ചേക്കും

മക്കൾ രാഷ്​ട്രീയ പാതയിലൂടെയല്ല തന്‍റെ വരവെന്ന്​ അപു ജോസഫ് പ്രതികരിച്ചു. പുതിയ പദവിയിൽ അഭിമാനമാണുള്ളത്​. യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും. മക്കൾ പാതയിലൂടെയായിരുന്നു തന്‍റെ വരവെങ്കിൽ നേരത്തേ തന്നെ ഏതെങ്കിലും സീറ്റിൽ മത്സരിക്കാമായിരുന്നു.

പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ട്​ വരണമെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ വിവിധ തലത്തിൽ പ്രവർത്തിച്ചാണ്​ ഹൈപവർ കമ്മിറ്റിയിൽ​ എത്തിയതെന്നും അപു ജോസഫ് കൂട്ടിച്ചേർത്തു.

Tags:    
News Summary - PJ Joseph's successor son Apu John Joseph; Kerala Congress made the state coordinator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.