കോഴിക്കോട്: കഴിഞ്ഞ ദിവസം ആരംഭിച്ച പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ പിങ്ക് കലർന്ന ചുവപ്പ് നിറത്തിൽ അച്ചടിച്ചതിൽ വിമർശനം ഉയരവെ പരിഹാസവുമായി മുൻവിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറബ്ബ്. ചോദ്യപേപ്പർ പച്ചമഷിയിലാവാത്തത് ഭാഗ്യം ഇല്ലെങ്കിൽ താൻ രാജി വെക്കേണ്ടി വന്നേനെ എന്നാണ് അബ്ദുറബ്ബ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചത്.
അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം 'പാരമ്പര്യ കല'കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത് -അബ്ദുർറബ്ബ് പരിഹസിച്ചു.
പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ..
ഏതായാലും പച്ചമഷിയാവാത്തത് ഭാഗ്യം, ഇല്ലെങ്കിൽ ഞാൻ രാജി വെക്കേണ്ടി വന്നേനെ.
അന്നൊക്കെ ചോദ്യപ്പേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് KSRTC ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം 'പാരമ്പര്യ കല'കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.
ചോദ്യപേപ്പർ നിറം മാറ്റി നൽകിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തുവന്നിട്ടുണ്ട്. പരീക്ഷകൾക്ക് ആദ്യമായി പിങ്ക് കലർന്ന ചുവപ്പ് നിറത്തിലുള്ള ചോദ്യപേപ്പർ അച്ചടിക്കുന്നതിന് അക്കാദമികപരമായ തീരുമാനങ്ങളുണ്ടോയെന്നും, അതുണ്ടെങ്കിൽ എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യപേപ്പറുകൾ കളറിൽ പ്രിന്റ് ചെയ്തതെന്നും വ്യക്തമാക്കണമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.