കോഴിക്കോട്: പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കേരളത്തിലെ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകാൻ ചുമതല നൽകുന്നത് യു.ഡി.എഫിന് കരുത്തുനൽകുമെന്ന് യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻെറ ഉജ്ജ്വല വിജയത്തിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയാണെന്നും പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു.
2017ൽ എം.എൽ.എ സ്ഥാനം രാജിവെച്ച് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച കുഞ്ഞാലിക്കുട്ടി 2019ലും വിജയം ആവർത്തിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്നഘട്ടത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് കൗതുകത്തോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വീക്ഷിക്കുന്നത്.
പി.കെ.ഫിറോസ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൻെറ പൂർണരൂപം:
യു.ഡി.എഫ് ഉറപ്പായും തോൽക്കുമെന്ന് രാഷ്ട്രീയ നിരീക്ഷരും എതിരാളികളും പ്രവചിച്ച തെരഞ്ഞെടുപ്പായിരുന്നു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ ചരിത്രമറിയുന്നത് കൊണ്ട് യു.ഡി.എഫ് ക്യാമ്പിലും അൽപം ആശങ്കയുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പിന്റെ പൂർണ്ണ ചുമതല സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുഞ്ഞാലിക്കുട്ടി സാഹിബിനെ ഏൽപ്പിക്കുന്നത്. പിന്നീടങ്ങോട്ട് ഓരോ ദിവസവും ഏറ്റവും താഴെ തട്ടിൽ വരെ നടക്കുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു. ബൂത്ത് തലം വരെ നേതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ കൃത്യമായി വീതിച്ചു നൽകി. റിസൽട്ട് വന്നപ്പോൾ രാഷ്ട്രീയ പ്രവാചകൻമാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. യു.ഡി.എഫ് ഉജ്ജ്വലമായി വിജയിച്ചു.
കേരളത്തിൽ ഇനി വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് കാലമാണ്. തദ്ധേശ തെരഞ്ഞെടുപ്പ്, ചവറ, കുട്ടനാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തുടങ്ങി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഏതാനും മാസത്തിനുള്ളിൽ കേരളം അഭിമുഖീകരിക്കാനിരിക്കുകയാണ്. ഇത്തരമൊരു സന്ദർഭത്തിലാണ് പാർട്ടി അധ്യക്ഷൻ കേരളത്തിലെ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽക്കാൻ കുഞ്ഞാലിക്കുട്ടി സാഹിബിന് ചുമതല നൽകുന്നത്. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും, നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ദുർഭരണം അവസാനിപ്പിച്ച് വിജയം വരിക്കാനും യു.ഡി.എഫ് ടീമിന് കരുത്തു പകരും എന്ന കാര്യത്തിൽ സംശയമില്ല.
ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ഇ.ടി മുഹമ്മദ് ബഷീർ സാഹിബിന് കൂടുതൽ ഉത്തരവാദിത്തങ്ങളും പാർട്ടി ഏൽപ്പിച്ചിരിക്കുകയാണ്. ദേശീയ തലത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ ചടുലതയോടെ മുന്നോട്ടു കൊണ്ടു പോകാൻ ബഷീർ സാഹിബിനും സാധിക്കട്ടെ എന്നാശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.