'യെസ്​...'; യൂത്ത്​ ലീഗിന്‍റെ യുദ്ധം ഇതാണെന്ന്​ ജലീലിനോട്​ പി.​കെ. ഫിറോസ്​

മലപ്പുറം: വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനും രാഷ്​ട്രീയ പോരാട്ടത്തിനുമൊടുവിൽ കെ.ടി. ജലീലിന്‍റെ മന്ത്രിക്കസേര തെറുപ്പിച്ചത്​ ആഘോഷിച്ച്​ യൂത്ത്​ ലീഗ്​ നേതാവ്​ പി.കെ. ഫിറോസ്​. ജലീൽ രാജി വെച്ചതിനുപിന്നാലെ, ജലീലിന്‍റെ തന്നെ പഴയ ഫേസ്​ബുക് പോസ്റ്റ് കുത്തിപ്പൊക്കിയാണ്​ ഫിറോസ്​ പ്രതികരിച്ചത്​. ''ഇതായിരുന്നോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്‍റെ യുദ്ധം'' എന്ന കെ.ടി ജലീലിന്‍റെ പഴയ ഒരു പോസ്റ്റിന്‍റെ ഒറ്റവരിയുടെ സ്ക്രീന്‍ഷോര്‍ട്ടാണ് ജലീലിന്‍റെ രാജിവിവരം അറിഞ്ഞപ്പോള്‍ ഫിറോസ് പങ്കുവെച്ചിരിക്കുന്നത്. സ്ക്രീന്‍ഷോട്ടിനൊപ്പം ''യെസ്' എന്ന് മാത്രമാണ് ഫിറോസ് കുറിച്ചത്. 2019 ല്‍ ജലീല്‍ ഇട്ട പോസ്റ്റിന്‍റെതാണ്​ സ്ക്രീന്‍ഷോട്ട്​.




 

തനിക്കെതിരായ ബന്ധുനിയമന ആരോപണത്തില്‍ വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചതിനെ പരിഹസിച്ച് 2019 ജൂലൈ 11ന് കെ.ടി ജലീല്‍ ഫെയ്സ് ബുക്കില്‍ ഇട്ട ദീര്‍ഘമേറിയ ഒരു കുറിപ്പിന്‍റെ തലക്കെട്ടായിരുന്നു 'ഇതായിരുന്നോ കമ്പനി കാണാനിരുന്ന യൂത്ത് ലീഗിന്‍റെ യുദ്ധം' എന്നത്​. തനിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങൾ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണെന്നും ബന്ധുനിയമന കേസ് പിൻവലിച്ച് 'യൂത്ത് ലീഗിന്‍റെ സംസ്ഥാന "നുണപ്രചാരണ സെക്രട്ടറി" തടിയൂരിയത് കോടതിയുടെ ചോട്ടിൽ നിന്ന് ഒഴിവാകാനാണെന്ന് ആർക്കാണ് അറിയാത്തത് എന്നും കെ.ടി ജലീല്‍ കുറിപ്പില്‍ ആരോപിച്ചിരുന്നു.

കഴിഞ്ഞദിവസം ലോകായുക്​ത ഉത്തരവ്​ പുറത്തുവന്നതിനുപിന്നാലെ 'സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവൻ എതിർത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന ജലീലി​ന്‍റെ പഴയ പോസ്റ്റ് ഫിറോസ്​ പങ്കുവച്ചിരുന്നു. അതിന്​ 'സത്യമേവ ജയതേ..' എന്നാണ്​ ഫിറോസ്​ കുറിച്ചത്​.

സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മന്ത്രിസ്ഥാനത്ത് തുടരാൻ ജലീൽ യോഗ്യനല്ലെന്നും കഴിഞ്ഞദിവസം ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത ആക്ട് 12(3) അനുസരിച്ചുള്ള റിപ്പോർട്ട് തുടർ നടപടികൾക്കായി മുഖ്യമന്ത്രിക്കു കൈമാറി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത ഹാറൂണ്‍ അൽ റഷീദ് എന്നിവരടങ്ങിയ ബെഞ്ചിന്‍റെതായിരുന്നു ഉത്തരവ്​.

ലോകായുക്ത ഉത്തരവ് വന്നതിന് പിന്നാലെ രാജിവെക്കില്ലെന്നും നിയമപരമായി നേരിടുമെന്നുമൊക്കെയായിരുന്നു കെ.ടി ജലീല്‍ പറഞ്ഞിരുന്നത്. ഹൈകോടതിയില്‍ ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജലീല്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാൽ, ആ ഹരജി ഹൈകോടതി പരിഗണിച്ചുകൊണ്ടിരിക്കെയാണ്​ രാജിവെച്ചതായി ജലീലിന്‍റെ പ്രഖ്യാപനമുണ്ടായത്.

Tags:    
News Summary - pk firos against kt jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.