'ഏത് ഭരണാധികാരിക്കും ഇതൊരു പാഠമാകട്ടെ'; പോരാട്ടത്തിന്‍റെ നാൾവഴികൾ പങ്കുവെച്ച്​ പി.കെ ഫിറോസ്​

കോഴിക്കോട്​: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലിൽ​ ഉന്ന വിദ്യാഭ്യാസ മന്ത്രി ​െക.ടി ജലീൽ രാജിവെച്ചതിന്​ പിന്നാലെ കേസും നാൾവഴികളും പങ്കുവെച്ച്​ യൂത്ത്​ലീഗ്​ സംസ്ഥാന പ്രസിഡന്‍റ്​ പി.കെ ഫിറോസ്​. രണ്ടര വർഷത്തെ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്നും ഗത്യന്തരമില്ലാതെ പടിയിറങ്ങിയതെന്നും വൈകിയാണെങ്കിലും സത്യം വിജയിച്ചുവെന്നും ഫിറോസ്​ ഫേസ്​ബുക്കിൽ കുറിച്ചു.

പി.കെ ഫിറോസ്​ പങ്കുവെച്ച ഫേസ്​ബുക്​ കുറിപ്പ്​:

രണ്ടര വർഷത്തെ നിരന്തരമായ പോരാട്ടത്തിനൊടുവിലാണ് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് നിന്നും ഗത്യന്തരമില്ലാതെ പടിയിറങ്ങിയത്. നാൾ വഴികൾ ഓർക്കുമ്പോൾ പലരുടെയും പേര് മനസ്സിലൂടെ കടന്നു പോകുന്നുണ്ട്. സ്വകാര്യത സൂക്ഷിക്കേണ്ടതുള്ളതു കൊണ്ട് അവരിൽ ചിലരുടെ പേരുകൾ മാത്രമേ ഇവിടെ പരാമർശിക്കുന്നുള്ളൂ.

2018 ഒക്ടോബറിലാണ് സുഹൃത്ത് റഷീദ് കൈപ്പുറം ബന്ധു നിയമനത്തെ സംബന്ധിച്ച് സൂചന നൽകി വിഷയം അന്വേഷിക്കാനും പഠിക്കാനും ആവശ്യപ്പെടുന്നത്. ഫയലുകളുടെ പിറകെ പോയപ്പോഴാണ് മന്ത്രി നടത്തിയ ഞെട്ടിപ്പിക്കുന്ന വഴിവിട്ട നീക്കങ്ങൾ മനസ്സിലാകുന്നത്.നവംബർ 2 ന് പത്രസമ്മേളനത്തിലൂടെയാണ് പൊതുജന സമക്ഷം ഈ വിഷയം അവതരിപ്പിക്കുന്നത്. തുടർന്നുള്ള ഓരോ ദിവസങ്ങളിലും മന്ത്രിയുടെ പ്രസ്താവനകൾക്ക് ഫയലുകൾ വെച്ച് മറുപടി നൽകി. അപ്പോഴേക്കും ഫയലുകൾ കൃത്യമായി എത്തിച്ചു നൽകാൻ 'അകത്ത്' നിന്ന് തന്നെ ആളുകൾ ഉണ്ടായിരുന്നു.

ഇതിനിടയിൽ വിജിലൻസിന് പരാതി നൽകിയെങ്കിലും അന്വേഷണം ഉണ്ടായില്ല. പിന്നീട് ലോകായുക്തയിൽ പരാതി നൽകാൻ തീരുമാനിച്ചു. അപ്പോഴാണ് സുഹൃത്തും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. സജൽ ഹൈക്കാടതിയിലെ സീനിയർ അഭിഭാഷകനായ ജോർജ് പൂന്തോട്ടത്തെ പരിചയപ്പെടുത്തുന്നത്. അദ്ധേഹത്തിന്റെ നിർദ്ധേശപ്രകാരം തവനൂർ മണ്ഡലത്തിലെ വോട്ടർ എന്ന നിലയിൽ പ്രിയ സുഹൃത്തും മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടുമായ വി.കെ.എം ഷാഫിയുടെ പേരിൽ ലോകായുക്തയിൽ പരാതി നൽകി. നിർഭാഗ്യവശാൽ പരാതി പരിഗണിച്ചതിന്റെ പിറ്റേ ദിവസം ലോകായുക്ത റിട്ടയർ ചെയ്തു.

വിജിലൻസിന് നൽകിയ പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി അവിടെ തടസ്സമായി. അതു പ്രകാരം സർക്കാറിന്റെ അനുമതിയില്ലാതെ അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞതോടെ ഹരജി പിൻവലിച്ചു. ഇതാണ് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടു എന്ന് ജലീലും വെട്ടുകിളി സംഘങ്ങളും വ്യാപകമായി പ്രചരിപ്പിച്ചത്.

നിയമ പോരാട്ടത്തോടൊപ്പം തന്നെ ശക്തമായ രാഷ്ട്രീയ പോരാട്ടവും കേരളത്തിൽ നടന്നു. യൂത്ത് ലീഗിനും എം.എസ്.എഫിനും പുറമെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകി. നിരവധി പ്രവർത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. ചിലരെ ജയിലിലടച്ചു. എന്നിട്ടും അഹങ്കാരവും അധികാരത്തിന്റെ ഗർവ്വുമായി ഭരണകൂടം സമരക്കാരെ പല്ലിളിച്ചു കാണിച്ചു.

കെ. മുരളീധരൻ നിയമസഭയിൽ അടിയന്തിര പ്രമേയമായി വിഷയം അവതരിപ്പിച്ചു. എം.എൽ.എമാർ അദ്ധേഹത്തിന് ശക്തമായ പിന്തുണ നൽകി. മുഖ്യമന്ത്രി ജലീലിനെ ശക്തമായി ന്യായീകരിക്കുകയും അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.

പുതിയ ലോകായുക്ത ചുമതലയേറ്റതിന് ശേഷം കേസ് ശക്തമായി മുന്നോട്ടു പോയി. ആവശ്യപ്പെട്ട രേഖകളിൽ പലതും മുമ്പ് സൂചിപ്പിച്ചത് പോലെ 'അകത്ത്' നിന്ന് കിട്ടിയതായതിനാൽ ലോകായുക്തയിൽ അതിന്റെ ആധികാരികത പ്രശ്നമാകുമെന്ന് അഭിഭാഷകൻ പറഞ്ഞു. അത്തരം രേഖകൾ വിവരാവകാശ പ്രകാരം വീണ്ടും വാങ്ങേണ്ടി വന്നു. ധനമന്ത്രി തോമസ് ഐസക്കിന്റെ പി.എ ഞാൻ സെക്രട്ടേറിയറ്റിലെത്തുന്നത് തടയുന്നതിന് വരെ ശ്രമം നടത്തിയെങ്കിലും മുഴുവൻ രേഖകളും നിയമപരമായ മാർഗത്തിലൂടെ തന്നെ കരസ്ഥമാക്കി.

അഡ്വ. ജോർജ് പൂന്തോട്ടം കേസ് മനോഹരമായി വാദിച്ചു. ജലീലിന് വേണ്ടി ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അടക്കമുള്ളവരുടെ വാദങ്ങളെ ശക്തമായി ഖണ്ഡിച്ചു. അഡ്വ. സജൽ കാര്യങ്ങൾ കൃത്യമായി കോർഡിനേറ്റ് ചെയ്തു. ഒടുവിൽ വിധി വന്നു.മന്ത്രിക്ക് കസേരയിൽ തുടരാൻ അർഹതയില്ല!!എന്നിട്ടും രാജി വെച്ചില്ല. ഹൈക്കാടതിയെ സമീപിച്ചു. ഹരജി ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ പോലും ഹൈക്കോടതിയുടേത് അനുകൂല സമീപനമല്ല എന്ന് കണ്ടപ്പോൾ ഗത്യന്തരമില്ലാതെ ജലീൽ രാജി വെച്ചു.

വൈകിയാണെങ്കിലും സത്യം വിജയിച്ചു. കെട്ടിപ്പൊക്കിയ നുണകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും അധികാര ധുർവിനിയോഗവും കാണിക്കുന്ന ഏത് ഭരണാധികാരിക്കും ഇതൊരു പാഠമാകട്ടെ...

Tags:    
News Summary - pk firos facebook post about kt jaleel Resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.