മലപ്പുറം: ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനകളെന്ന് മുസ് ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഗൗരവമില്ലാത്ത വിഷയങ്ങളാണ് ചർച്ചയാക്കുന്നത്. മരംമുറി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ഒാരോ ദിവസവും അനധികൃത മരംമുറി നടന്ന സ്ഥലങ്ങളുടെ വിവരങ്ങൾ പുറത്തുവരികയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരോഗ്യ അടിയന്തരാവസ്ഥയിൽ അത്തരം വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട സമയത്താണ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ജനങ്ങളുടെ മനസ് വേദനിക്കുന്നതും അവരെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങൾ പ്രതിപക്ഷം ചൂണ്ടിക്കാട്ടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇടത് സർക്കാർ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജും കുട്ടനാട് അതോറിറ്റിയും എവിടെ പോയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. വർത്തമാനം പറയുന്നതല്ലാതെ സർക്കാർ ഒന്നും ചെയ്യുന്നില്ല. 1967ലെ കോളജ് കഥകൾ പറയേണ്ട സമയമല്ലിത്. ജനങ്ങളുടെ കാര്യങ്ങളാണ് നോക്കേണ്ടത്. അല്ലാത്തപക്ഷം കേരളത്തിലെ പ്രതിപക്ഷം സർക്കാറിനെ വിമർശിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭരണകക്ഷിയെ എപ്പോഴും പിന്തുണച്ച് നടക്കുകയല്ല പ്രതിപക്ഷത്തിന്‍റെ ജോലി. കോവിഡ് കാലത്ത് പിന്തുണച്ചപ്പോൾ അതിന്‍റെ നേട്ടം സർക്കാർ കൊണ്ടുപോയി. ഭരണകക്ഷി ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന പരിശോധനയാണ് പ്രതിപക്ഷം നടത്തുകയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.