പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരായ ഡി.വൈ.എഫ്.ഐ വനിത നേതാവിെൻറ പരാതി അന്വേഷിക്കുന്ന കമീഷൻ, ശശി ഉയർത്തിയ ഗൂഢാലോചന വാദവും പരിശോധിക്കുമെന്ന് പറഞ്ഞത് പരാതിക്കാരിക്കൊപ്പം നിന്നവരെ പ്രതിരോധത്തിലാക്കാൻ. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിലായി നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അന്വേഷണ കമീഷൻ റിപ്പോർട്ട് നൽകിയിട്ടില്ല. നടപടി പൂർത്തിയായില്ലെന്ന് പറയുമ്പോഴും പരാതിക്കാരിയെ അനുനയിപ്പിക്കാനുള്ള സമയം നീട്ടലാണ് ലക്ഷ്യമെന്ന ആക്ഷേപം പാർട്ടിവൃത്തങ്ങളിൽ തന്നെയുണ്ട്. ഒക്ടോബർ 13ന് നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന.
എന്നാൽ, പുതിയ വിവാദങ്ങൾ സജീവമായതോടെ ശശിക്കെതിരായ പരാതി പലരും മറന്നു തുടങ്ങിയെന്നും 13 ആവുമ്പോഴേക്കും പരാതിക്കാരിയെ അനുനയിപ്പിച്ചാൽ പാർട്ടിക്കും ശശിക്കും കേടില്ലാതെ വിഷയം ഒതുക്കാമെന്നും നേതൃത്വം കരുതുന്നു. പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കരുത് എന്നാവശ്യവുമായി നേതൃത്വത്തിെൻറ സമ്മതത്തോടെ പലരും പരാതിക്കാരിയെ സമീപിച്ചിട്ടുണ്ട്.
എന്നാൽ, പരാതിക്കാരിയോ പിന്തുണക്കുന്നവരോ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. പെൺകുട്ടി ശക്തമായ നിലപാട് സ്വീകരിച്ചാൽ ശശിക്കെതിരെ കടുത്ത നിലപാടിലേക്ക് പാർട്ടി കടന്നേക്കും. പെൺകുട്ടിയെ അനുനയിപ്പിക്കാതെ ശശിക്കെതിരെ നടപടി ഒഴിവാക്കിയാൽ പരാതിയുമായി പൊലീസിനെ സമീപിക്കുമോ എന്ന പേടിയും നേതൃത്വത്തിനുണ്ട്. വിഷയം മാധ്യമങ്ങളിലൂടെ പുറത്തെത്തിയതിന് ശേഷം പൊലീസ് സമീപിച്ചപ്പോൾ ഒന്നും പറയാനില്ലെന്ന നിലപാടാണ് പെൺകുട്ടി കൈക്കൊണ്ടത്. പെൺകുട്ടി പൊലീസിൽ പരാതി നൽകിയാൽ വിഷയം പാർട്ടിയുെട കൈയിൽ നിൽക്കില്ലെന്ന ബോധ്യമുള്ളത് കൊണ്ടുതന്നെ സൂക്ഷിച്ചാണ് നേതൃത്വം വിഷയം കൈകാര്യം ചെയ്യുന്നത്.
വിഷയത്തിൽ സി.പി.എം കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന നിലപാടും നിർണായകമാവും. ജനറൽ സെക്രട്ടറി ഉൾെപ്പടെ ഇടപെട്ട വിഷയം ഏകപക്ഷീയമായി ഒതുക്കി തീർക്കുന്നത് പുതിയ വിവാദങ്ങളിലേക്ക് വഴിവെക്കുമെന്നും നേതൃത്വം കരുതുന്നു. അതുകൊണ്ടാണ് പെൺകുട്ടിയെ കൂടി അനുനയിപ്പിച്ച് മുന്നോട്ടുപോകാൻ ശ്രമിക്കുന്നത്. പി.കെ. ശശിക്കെതിരായ പരാതി ഒതുക്കിതീർക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങൾക്കിടെയാണ് സാങ്കേതിക കാരണം പറഞ്ഞ് കമീഷൻ റിപ്പോർട്ട് സമർപ്പിക്കൽ നീട്ടിക്കൊണ്ടുപോയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.