കണ്ണൂര്‍: പെരിയയിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ കാണാൻ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത് മനുഷ്യത്വപരമായാണെന്ന് സി.പി.എം നേതാവ് പി.കെ. ശ്രീമതി. പ്രതികളെ സന്ദർശിച്ച ശേഷം ജയിലിനുമുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയും ഒപ്പമുണ്ടായിരുന്നു. പെരിയ കേസിലെ മുഴുവൻ പ്രതികളെയും ജയിലിൽ സന്ദർശിച്ചെന്ന് ശ്രീമതി പറഞ്ഞു. ഒരു സഹോദരി എന്ന നിലയ്ക്കായിരുന്നു സന്ദർശനം എന്നും അവര്‍ വ്യക്തമാക്കി.
‘‘ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തതിനാൽ മുൻ എം.എൽ.എ കുഞ്ഞിരാമൻ അടക്കമുള്ളവർക്ക് ചിലപ്പോൾ ഇന്ന് വൈകീട്ട് ജയിലിൽനിന്ന് ഇറങ്ങാൻ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ നാളെ ഇറങ്ങും. ശിക്ഷാവിധി മരവിപ്പിച്ചത് എല്ലാവരും പ്രതീക്ഷിച്ച ഒന്നാണ്. ഇവർ നാലുപേർക്കും മേൽകോടതിയിൽനിന്ന് നീതികിട്ടുമെന്ന് ഇന്നലെ ഗോവിന്ദൻ മാഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അത് തന്നെയാണ് സംഭവിച്ചത്. പെരിയ കേസിലെ മുഴുവൻ പ്രതികളെയും കണ്ടു. അവരോട് കേസുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചതും പറഞ്ഞതുമില്ല’ -ശ്രീമതി പറഞ്ഞു.
പാർട്ടി തള്ളിപ്പറഞ്ഞ ഒന്നാം പ്രതി അടക്കമുള്ളവരെ കണ്ടത് ശരിയാണോ എന്ന് ചോദിച്ചപ്പോൾ പ്രതികളെ കണ്ടത് മനുഷ്യത്വപരമായാണ് എന്നായിരുന്നു മറുപടി. ‘ഞങ്ങൾ അവരെ കാണുന്നത് മനുഷ്യത്വപരമാണല്ലോ... പണ്ടത്തെ ജയിൽ അല്ലല്ലോ ഇപ്പോഴുള്ളത്. നോക്കൂ, ജയിലിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുന്നത്. ശിക്ഷിക്കപ്പെട്ടവരോട് ഏറ്റവും നല്ല പെരുമാറ്റം, നല്ല ഭക്ഷണം, ജോലി, കൂലി എന്നൊക്കെ ഉള്ള മാറ്റങ്ങൾ വരികയാണ്. ഇവിടെ വന്നു എന്നത് കൊണ്ട് അവരെ കാണാൻ പാടില്ല എന്നാരും പറഞ്ഞിട്ടില്ലല്ലോ? ഞാൻ ഒരു സത്യം പറയട്ടെ, രണ്ടുവർഷം മുമ്പ് വരെ എല്ലാ ക്രിസ്മസിനും ഞാൻ ഈ ജയിലിൽ വരാറുണ്ട്. ബിഷപ്പ് തിരുമേനിയോടൊപ്പം വന്ന് പക്ഷഭേദമില്ലാതെ എല്ലാവർക്കും സ്നേഹസന്ദേശം കൈമാറാറുണ്ട്. പെരിയ കേസുമായി ബന്ധപ്പെട്ട മറ്റു രാഷ്ട്രീയ കാര്യങ്ങളെല്ലാം ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കിയതാണ്’ -ശ്രീമതി പറഞ്ഞു.
പെരിയയിലേത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ലെന്നും കുഞ്ഞിരാമൻ അടക്കമുള്ളവരെ സിബിഐ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
പെരിയ ഇരട്ട കൊലക്കേസിൽ സി.ബി.ഐ പ്രത്യേക കോടതി അഞ്ച് വർഷം കഠിനതടവ് വിധിച്ച നാല് പ്രതികളുടെ ശിക്ഷ ഇന്ന് ഹൈകോടതി മരവിപ്പിച്ചിരുന്നു. 14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷയാണ് സ്റ്റേ ചെയ്തത്. അഞ്ച് വർഷം വരെ തടവുശിക്ഷയെങ്കിൽ സ്റ്റേ നൽകാമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ശിക്ഷ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈകോടതിയിൽ അപ്പീൽ നൽകിയത്. അപ്പീല്‍ സ്വീകരിച്ച ഹൈകോടതി ശിക്ഷ മരവിപ്പിക്കുകയായിരുന്നു. സി.ബി.ഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹരജിയില്‍ തുടര്‍വാദം. ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്തതോടെ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സി.പി.എം നേതാക്കള്‍ക്ക് ഇന്ന് തന്നെ ജയില്‍മോചിതരാകാം. കുറ്റകൃത്യം നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതാണ് ഇവര്‍ക്കെതിരായ കേസ്.
കഴിഞ്ഞ ദിവസം പാർട്ടി നേതാക്കളെ ശിക്ഷിച്ച നടപടിക്കെതിരെ നിയമ പോരാട്ടം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് വന്നത്. പെരിയ ഇരട്ടക്കൊല കേസില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ട് പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കെടുത്ത 10, 15 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. 10 പ്രതികൾക്കും രണ്ടു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.
2019 ഫെബ്രുവരി 17ന് രാത്രി 7.45നാണ് കാസര്‍കോട് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത്ത് ലാൽ (24) എന്നിവരെ സി.പി.എം പ്രവർത്തകരടക്കമുള്ള പ്രതികൾ കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്‍റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ചശേഷം ഇരുവരെയും വെട്ടുകയായിരുന്നു. ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് സി.ബി.ഐ ഏറ്റെടുത്തത്. 24 പ്രതികളിൽ 10 പേരെ തെളിവുകളുടെ അഭാവത്തിൽ ഡിസംബർ 28ന് കോടതി വെറുതെ വിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.