കൊച്ചി: സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി. അനധികൃത നിർമാണങ്ങൾ സംബന്ധിച്ച് അന്വേഷിച്ച് ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. സർക്കാർ ഭൂമിയിൽ മതപരമായ കല്ല്, കുരിശ് തുടങ്ങിയവയോ ആരാധനാലയങ്ങളോ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വില്ലേജ് ഓഫിസർമാരും തഹസീൽദാർമാരും വഴി അന്വേഷിക്കാൻ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകണം. അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കിയ ശേഷം അനധികൃതമായി കണ്ടെത്തിയവ ആറുമാസത്തിനകം കലക്ടർമാർ ഒഴിപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
പൊതുജനങ്ങൾക്കും കലക്ടറെ വിവരം അറിയിക്കാം. സാമുദായിക സൗഹാർദം സംരക്ഷിക്കാൻ ഇത് അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്. നടപടി റിപ്പോട്ട് ഒരു വർഷത്തിനകം നൽകാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
പ്ലാന്‍റേഷൻ ഭൂമിയിൽ സ്ഥാപിച്ച അനധികൃത ആരാധനാലയങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്ലാന്‍റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. പ്ലാന്‍റേഷന്‍റെ ഭാഗമായ പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി, മൊട്ടപ്പാറ, ചന്ദന തടിക്കൽ തുടങ്ങിയിടങ്ങളിൽ തൊഴിലാളികൾക്ക് പ്രാർഥിക്കാൻ ചെറിയ ക്ഷേത്രങ്ങൾ നിർമിച്ചിരിക്കുന്നതായി ഹരജിയിൽ പറയുന്നു. ഇത് പിന്നീട് വിപുലപ്പെടുത്താനുള്ള തൽപരകക്ഷികളുടെ ശ്രമം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജി. പ്ലാന്‍റേഷൻ കോർപറേഷന്‍റെ ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ ആറുമാസത്തിനകം നടപടിയെടുക്കാൻ കോടതി നിർദേശിച്ചു.
സ്വന്തം ശരീരത്തിലടക്കം ദൈവം എവിടെയുമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് അധികവും. അതിനാൽ, സർക്കാർഭൂമി കൈയേറി ആരാധനാലയം സ്ഥാപിക്കേണ്ട ആവശ്യമില്ല. ഒരാൾക്ക് അനുവദിച്ചാൽ മറ്റ് മതസ്ഥരും തുടങ്ങും. ഇത് പ്രശ്നങ്ങൾക്കിടയാക്കും. ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം സമുദായ സ്പർധ വളർത്തുന്ന നടപടികൾക്കുള്ള അവകാശമല്ലെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.