പാലക്കാട്: പ്ലാച്ചിമട സമരത്തോടുള്ള സർക്കാരിെൻറ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് മന്ത്രി എ.കെ ബാലൻെറ പാലക്കാട്ടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സമരസമിതി പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്ലാച്ചിമട ട്രൈബ്യൂണൽ ബിൽ ഇനിയും അവതരിപ്പിക്കുന്നതിന് നിയമതടസ്സങ്ങളുണ്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞത് പ്രതിഷേധാർഹമാണ്. മുഖ്യമന്ത്രി തലത്തിലൊരു ചർച്ചയാണ് നടക്കേണ്ടതെന്നും സമരസമിതി പ്രവർത്തകർ അറിയിച്ചു. മേയ് 28ന് കാലത്ത് 11നാണ് നിയമമന്ത്രി കൂടിയായ എ.കെ. ബാലെൻറ വസതിയിലേക്ക് മാർച്ച് നടത്തുക. പ്ലാച്ചിമടയിലെ കൊക്കകോളയുടെ ചൂഷണത്തിലെ ഇരകളും മാർച്ചിൽ പങ്കെടുക്കും. 28ലെ മാർച്ചിന് ശേഷവും പരിഹാരമായില്ലെങ്കിൽ ഭരണപക്ഷ എം.എൽ.എമാരുടെ വീട്ടിലേക്കും മാർച്ച് നടത്തും.
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപവത്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, പ്ലാച്ചിമട ഇരകൾക്ക് അടിയന്തരമായി ഇടക്കാല സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരസമിതി കലക്ടറേറ്റിന് മുന്നിൽ ആരംഭിച്ച സത്യഗ്രഹസമരം 27 ദിവസം പിന്നിട്ടിട്ടും സർക്കാർ പ്രശ്നം മനസ്സിലാക്കി നടപടി കൈക്കൊള്ളുന്നില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തി. ശനിയാഴ്ച കലക്ടർ വിളിച്ച ചർച്ചയിൽ പങ്കെടുക്കും. എന്നാൽ ഉറപ്പുകളിൽ സമരം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്നും സമരസമിതി പറഞ്ഞു. പ്ലാച്ചിമട ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ അറുമുഖൻ പത്തിച്ചിറ, എം. സുലൈമാൻ, കെ.വി. ബിജു, സുമൻചിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.