മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത സമഗ്രമായി പരിഹരിക്കാൻ പ്രഫ. വി. കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും അതിലെ ശിപാർശകൾ പുതിയ അധ്യയന വർഷം തന്നെ നടപ്പാക്കണമെന്നും എസ്.ഐ.ഒ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സീറ്റ് ക്ഷാമം ഒന്നര പതിറ്റാണ്ടിലധികമായി ഓരോ അധ്യയന വർഷാരംഭത്തിലുമുള്ള പ്രതിസന്ധിയാണ്. തെക്കൻ ജില്ലകളിൽ ആവശ്യത്തിൽ കവിഞ്ഞ സ്കൂളുകളിൽ ഹയർ സെക്കൻഡറി അനുവദിച്ചപ്പോൾ മലബാറിൽ ആവശ്യത്തിന് നൽകിയില്ല.
2000ത്തിന് ശേഷം മലബാറിൽ വിജയ ശതമാനം വർധിക്കുകയും രൂക്ഷമായ പ്ലസ് വൺ സീറ്റ് ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്തു. ഇപ്പോൾ 20 ശതമാനം മാർജിൻ സീറ്റ് വർധനവിലൂടെ താൽക്കാലിക പരിഹാരമാണ് നടത്തിയത്. മറ്റ് ജില്ലകളിൽ ഓരോ ക്ലാസിലും 50 വിദ്യാർഥികൾ പഠിക്കുമ്പോൾ മലബാറിൽ 60-65 ആണ്.
നൂറിലധികം പുതിയ ബാച്ചുകൾ അനുവദിക്കുക, തെക്കൻ ജില്ലകളിലെ പ്രവേശനം കുറഞ്ഞ ബാച്ചുകൾ സ്ഥിരമായി മലബാർ ജില്ലകളിലേക്ക് മാറ്റുക, മലബാർ ജില്ലകളിലെ ഹൈസ്കൂളുകൾ ഹയർ സെക്കൻഡറി ആയി അപ്ഗ്രേഡ് ചെയ്യുക എന്നിവയാണ് വിദ്യാർഥി സംഘടനകൾ കാലങ്ങളായി ആവശ്യപ്പെടുന്ന പരിഹാര മാർഗങ്ങൾ.
മേൽപറഞ്ഞ സംഘടനകളുടെ ആവശ്യങ്ങളെ ദൃഢീകരിക്കുന്നതാണ് കമീഷൻ റിപ്പോർട്ട്. അതിനാൽ ഈ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നും എസ്.ഐ.ഒ ആവശ്യപ്പെട്ടു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സെക്രട്ടറിമാരായ വാഹിദ് ചുള്ളിപാറ, സഹൽ ബാസ്, അഡ്വ. അബ്ദുൽ വാഹിദ്, മലപ്പുറം ജില്ല പി.ആർ സെക്രട്ടറി ഷമീം വേങ്ങര എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.