പ്ലസ് വൺ പ്രവേശനം: 'തെക്കും വടക്കും' വിലയിരുത്തലുകൾക്കു പിന്നിൽ നിക്ഷിപ്ത താല്പര്യക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി

കോഴിക്കോട്: കേരളത്തിലെ പ്ലസ് വൺ സീറ്റ് ക്രമീകരണത്തിൽ തെക്കും വടക്കും എന്നൊക്കെ വിലയിരുത്തുന്നത് അനാരോഗ്യകരമാണെന്നും ഇത്തരം വിലയിരുത്തലുകൾക്കു പിന്നിൽ നിക്ഷിപ്ത താല്പര്യക്കാരാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷിതാക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണ രൂപം- "പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ട്. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തടസ്സവും ഇല്ലാതെ പ്രവേശന നടപടികൾ പൂർത്തിയായി. പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തുന്നവർക്ക് നല്ല ഉദ്ദേശമല്ല ഉള്ളത്. കേരള സംസ്ഥാനത്തെ തെക്കും വടക്കും എന്നൊക്കെ പറഞ്ഞ് വിലയിരുത്തുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം അധികാരത്തിൽ വന്ന ഒരു സർക്കാരും ഇത്തരത്തിൽ ഒരു നിലപാട് കൈക്കൊണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രചാരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണം.

വ്യാജവാർത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ല. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവും ഇല്ലായിരുന്നു എന്ന് മുൻ വർഷത്തേത് പോലെ വ്യക്തമാകും. ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർഥികൾക്കും കേരളത്തിൽ പഠനാവസരം ഉണ്ടാകും".

Tags:    
News Summary - Plus One: unhealthy to judge South and North-Minister V Sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.