തിരുവനന്തപുരം: പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യം വാട്സ്ആപ് വഴി പരീക്ഷയുടെ തലേ ദിവസമായ 20ന് പ്രചരിപ്പിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ, ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാനായി പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകൾ അന്വേഷണ വിഭാഗം പരിശോധനക്കായി അയച്ചിരിക്കുകയാണ്.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിശോധനാ ഫലം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേസ് അന്വേഷിക്കുന്ന സൈബർ ക്രൈം പൊലീസ്. പരീക്ഷാ തലേന്ന് ചോദ്യങ്ങൾ പ്രചരിച്ചതായാണ് പിടിച്ചെടുത്ത ഫോണുകൾ പരിശോധിച്ചപ്പോൾ വ്യക്തമായത്. എന്നാൽ, ഫോണിൽ ക്രമീകരിച്ച തിയതി യഥാർഥത്തിലുള്ളതായിരുന്നോ എന്ന കാര്യം ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ തെളിയിക്കാനാകൂ. ഇക്കാര്യത്തിൽ വ്യക്തത വന്നാൽ മാത്രമേ ചോദ്യചോർച്ചയും സ്ഥിരീകരിക്കാനാകൂ.
ഇതിനിടെ തൊടുപുഴയിൽ പ്ലസ് വൺ പരീക്ഷയുടെ ചോദ്യങ്ങൾ കഴിഞ്ഞ ഏഴിന് ചോർന്നെന്ന പത്രവാർത്തയിൽ അന്വേഷണം നടത്താനും ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ മറുപടി. തിങ്കളാഴ്ച ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് തീരുമാനം. അതേസമയം, പ്ലസ് ടു ഫിസിക്സ് ചോദ്യചോർച്ച സ്ഥിരീകരിക്കാൻ വൈകുന്നത് രണ്ട് ലക്ഷത്തോളം വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുകയാണ്.
തിങ്കളാഴ്ച സയൻസ് ബാച്ച് വിദ്യാർഥികളുടെ പരീക്ഷ അവസാനിക്കുകയാണ്. ഫിസിക്സിന് പുനഃപരീക്ഷ നടത്തണമെങ്കിൽ ചുരുങ്ങിയത് ഒരാഴ്ച സമയം വേണ്ടിവരുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റും പറയുന്നു. പുതിയ ചോദ്യം അച്ചടിച്ച് ലഭിക്കാൻ മൂന്നു ദിവസമെങ്കിലും എടുക്കും. ലക്ഷദ്വീപിലെ പരീക്ഷാ കേന്ദ്രത്തിൽ ചോദ്യം എത്തിക്കാൻ സാധാരണ ഗതിയിൽ മൂന്നു ദിവസമെങ്കിലുമെടുക്കും.
കേരളത്തിലെയും ഗൾഫിലെയും കേന്ദ്രങ്ങളിൽ ഒന്നടങ്കം രണ്ട് ദിവസത്തിനകം വിതരണം പൂർത്തിയാക്കാൻ കഴിയും. പുനഃപരീക്ഷ വൈകിയാൽ അത് മൂല്യനിർണയത്തെയും ഫലപ്രഖ്യാപനത്തെയും ബാധിക്കും. ഏപ്രിൽ നാലിന് ഹയർ സെക്കൻഡറി മൂല്യനിർണയം തുടങ്ങും. ഫിസിക്സ് പരീക്ഷയുടെ മൂല്യനിർണയം വൈകിയാൽ അത് മൊത്തം പരീക്ഷാഫലം വൈകാനിടയാക്കുമെന്നാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.