ന്യൂഡൽഹി: രണ്ടുവട്ടം കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന് മുനവെച്ച പരിഹാസം. അമേരിക്കൻ യാത്ര വെട്ടിച്ചുരുക്കി സർവകക്ഷി സംഘവുമായി ഡൽഹിയിലെത്തിയ പിണറായിയെ ‘എന്നു വന്നു’ എന്ന ചോദ്യത്തോടെയാണ് മോദി സ്വീകരിച്ചത്. കേരളത്തിൽനിന്ന് ഡൽഹിയിൽ എത്തിയത് എപ്പോഴാണെന്ന സംശയമാണ് പ്രധാനമന്ത്രിയുടേതെന്നു ധരിച്ച പിണറായി ‘ഇന്നലെ’ എന്നു മറുപടി നൽകിയപ്പോൾ മോദി തിരുത്തി: ‘അതല്ല, അമേരിക്കയിൽനിന്ന്.’ ഒരാഴ്ചയായെന്ന് മുഖ്യമന്ത്രിയുടെ മറുപടി.
വെള്ളപ്പൊക്ക കെടുതിയുടെ കാര്യം മോദി തന്നെ എടുത്തിട്ടു. തനിക്ക് എല്ലാ ദിവസവും റിപ്പോർട്ട് കിട്ടുന്നുണ്ടായിരുന്നു, വെള്ളപ്പൊക്ക സ്ഥിതി ആശങ്ക ഉളവാക്കുന്നുവെന്ന് പറഞ്ഞ മോദി പരിഹാസച്ചുവയോടെ ചോദ്യമെറിഞ്ഞു: ‘‘വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളൊക്കെ സന്ദർശിച്ചോ?’’ പിന്നാലെ മോദിതന്നെ തിരുത്തി: ‘‘താങ്കൾ അമേരിക്കയിലായിരുന്നല്ലോ’’. അമേരിക്കൻ സന്ദർശനം എങ്ങനെയുണ്ടായിരുന്നു എന്നായി അടുത്ത ചോദ്യം. കമ്യൂണിസ്റ്റുകാർക്ക് അമേരിക്ക പിടിക്കില്ലെന്ന സൂചന കലർത്തി മോദിതന്നെ ഉത്തരവും പറഞ്ഞു: ‘‘നിങ്ങൾക്ക് അവിടെ അധികം തങ്ങാൻ പറ്റില്ല, എനിക്കറിയാം.’’
ഭക്ഷ്യസുരക്ഷ, വെള്ളപ്പൊക്ക ദുരിതാശ്വാസം തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച സംഘത്തിന് പ്രതീക്ഷക്കു വകയുള്ളതൊന്നും പ്രധാനമന്ത്രി നൽകിയില്ല. പിണറായിയെ ഇടത്തും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വലത്തും ഇരുത്തി പ്രധാനമന്ത്രി പറഞ്ഞു: ‘‘ഭക്ഷ്യഭദ്രത നിയമം പാസാക്കിയത് കോൺഗ്രസ്. അതിനെ പിന്തുണച്ചത് സി.പി.എം. അതനുസരിച്ചാണ് വിഹിതം അനുവദിക്കുന്നത്. എനിക്ക് എന്തു ചെയ്യാൻ പറ്റും?’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.