തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ എം.പിക്കെതിരെ ആരോപണമുന്നയിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വാർത്ത നൽകിയ ദേശാഭിമാനിക്കുമെതിരായ പരാതിയിൽ പൊലീസ് നടപടി ആരംഭിച്ചു.
ഇതിന്‍റെ ഭാഗമായി പരാതിക്കാരനായ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍റെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11ഓടെ ഇന്ദിര ഭവനിൽ നർകോട്ടിക് അസി. കമീഷണർ സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.
മോൻസന്‍റെ പോക്സോ കേസിൽ സുധാകരന്‍റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് രാധാകൃഷ്ണൻ പറഞ്ഞു. സുധാകരന്‍റെ പേര് കേസ് അന്വേഷണത്തിനിടെ ഉയർന്നുവന്നിട്ടില്ല. സുധാകരനെതിരെ പെൺകുട്ടിയുടെ പരാതിയില്ല. അന്വേഷണം പൂർത്തിയായിട്ടും പോക്സോ കേസിൽ സുധാകരൻ കൂട്ടുപ്രതിയാണെന്നായിരുന്നു എം.വി. ഗോവിന്ദന്‍റെ ആരോപണം.
ദേശാഭിമാനി വാർത്തയുടെ അടിസ്ഥാനത്തിലാണ് ആരോപണമെന്ന് ഗോവിന്ദൻ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിയാത്ത വിവരങ്ങൾ ദേശാഭിമാനി ലേഖകന് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കണം. കെ.എസ്.യു നേതാവിന് വ്യാജ സർട്ടിഫിക്കറ്റുണ്ടെന്ന പേരിലും ദേശാഭിമാനി കള്ളപ്രചാരണം നടത്തിയെന്ന് രാധാകൃഷ്ണൻ മൊഴിനൽകി. മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.