തലശ്ശേരി: ധർമടം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീെൻറ ലൈംഗികശേഷി പരിശോധനാ ഫലത്തിനായി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകി.
അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ല മെഡിക്കൽ ഓഫിസർ സീൽ വെച്ച കവറിൽ കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ജില്ല ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമാണ് വ്യവസായിയായ പ്രതിയെ പരിശോധിച്ചിരുന്നത്.
അറസ്റ്റിലായ സമയത്ത് തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഷറഫുദ്ദീന് ലൈംഗികക്ഷമതയില്ലെന്ന റിപ്പോർട്ടാണ് നൽകിയിരുന്നത്. ജനറൽ ആശുപത്രിയിലെ സർക്കാർ ഡോക്ടറാണ് ഈ റിപ്പോർട്ട് നൽകിയത്. ഡി.എം.ഒ ഹാജരാക്കിയ മെഡിക്കൽ റിപ്പോർട്ടിൽ ഫലം മറിച്ചാണെങ്കിൽ ജനറൽ ആശുപത്രിയിലെ സർക്കാർ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ ശിപാർശ ചെയ്യുമെന്ന് പോക്സോ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ബീന കാളിയത്ത് പറഞ്ഞു. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന ഷറഫുദ്ദീൻ ഇപ്പോൾ ജാമ്യത്തിലാണുള്ളത്. ഇതേ കേസിൽ അറസ്റ്റിലായി കൈക്കുഞ്ഞിനോടൊപ്പം റിമാൻഡിൽ കഴിയുന്ന രണ്ടാം പ്രതിയുടെ ജാമ്യഹരജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
രണ്ടാം പ്രതിയുടെ ഭർത്താവും റിമാൻഡിലാണുള്ളത്. ഇയാളാണ് കേസിലെ ഒന്നാം പ്രതി. ഇയാൾക്ക് വേണ്ടി ഇതുവരെ ജാമ്യഹരജി കോടതിക്ക് മുന്നിൽ എത്തിയിട്ടില്ല. മാർച്ച് 25നായിരുന്നു കേസിനാസ്പദമായ സംഭവം. ജൂൺ അവസാനമാണ് പ്രതികൾ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.