പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ പൊലീസും സര്‍ക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തിനു കാരണക്കാരിയായ സി.പി.എം നേതാവ് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാരും പൊലീസും ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കോടതി മുന്‍കൂര്‍ ജാമ്യം തളളിയ സ്ഥിതിക്ക് എത്രയും പെട്ടെന്ന് അറസ്റ്റ് നടത്തണം.

നീതി നിര്‍വഹണമാണ് പൊലീസിന്റെ ഉത്തരവാദിത്തം. അല്ലാതെ എകെജി സെന്ററില്‍ നിന്നുള്ള ഉത്തരവുകള്‍ അനുസരിക്കലല്ല. നീതി നിര്‍വഹണത്തില്‍ നിന്നു പോലീസിനെ തടഞ്ഞ് അവരുടെ ആത്മബലം കെടുത്തരുത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം.

അറസ്റ്റിനു വേണ്ടിയുള്ള അവരുടെ ആവശ്യം തികച്ചും ന്യായമാണ്. ഒരു നടപടികളും എടുക്കാതെ പി.പി ദിവ്യയെ സി.പി.എം സംരക്ഷിക്കുകയാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നു തോന്നലുണ്ടാക്കി വേട്ടക്കാരെ സംരക്ഷിക്കുകയാണ് സി.പി.എം. ദിവ്യ എവിടെയെന്ന് പാര്‍ട്ടി നേതൃത്വത്തിന് അറിയാമായിരുന്നു. പൊലീസിനും അറിയാമായിരുന്നു. എന്നിട്ടും അവരെ പിടികൂടാന്‍ കഴിഞ്ഞില്ല. കാരണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ്. പൊലീസ് പാര്‍ട്ടി സെന്ററില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്.

ഇത്ര ഹീനമായ നടപടികളിലൂടെ ഒരു ഉന്നതോദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരിയായ ഇവര്‍ക്കെതിരെ ഇതുവരെ പാര്‍ട്ടി നടപടി എടുത്തിട്ടില്ല. ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ മരണത്തിനു കാരണക്കാരിയായ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ ശ്യാമളയെ രക്ഷിച്ചെടുത്തതു പോലെ ദിവ്യയേയും രക്ഷിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദേശം നല്‍കണം. പറഞ്ഞ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇവരെ ഉടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Full View


Tags:    
News Summary - Police and government should stop playing hide-and-seek when it comes to arresting P.P. Divya - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.