??????????? ??.??.?? ??????????? ?????? ????????? ?????????? ????????????? ?????????? ?????? ????????

മാവോയിസ്റ്റ് വേട്ടക്കെതിരെ ലഘുലേഖ: രണ്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ; യു.എ.പി.എ ചുമത്തി

കോഴിക്കോട്​: മാവോവാദി ബന്ധമാരോപിച്ചും ലഘുലേഖകൾ കൈവശം വെച്ചതി​നും പന്തീരാങ്കാവിൽ സി.പി.എം പ്രവർത്തകരായ രണ്ടു വിദ്യാർഥികളെ യു.എ.പി.എ (അൺലോഫുൾ ആക്ടിവിറ്റീസ്‌ പ്രിവൻഷൻ ആക്ട്‌) പ്രകാരം പൊലീസ് അറസ്​റ്റ്​ ചെയ്തു. ഒളവണ്ണ മൂർക്കനാട് ത്വാഹ ഫസൽ (24) തിരുവണ്ണൂർ പാലാട്ട് നഗർ അലൻ ഷുഹൈബ് (20) എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇവർക്കെതിരെ യു.എ.പി.എയിലെ 20,32, 39 വകുപ്പുകൾ പ്രകാരമാണ്​ കേസ്‌. യു.എ.പി.എ പ്ര​േത്യക കോടതി കൂടിയായ കോഴിക്കോട്‌ പ്രിൻസിപ്പൽ സെഷൻസ്‌ ജഡ്‌ജി എം.ആർ അനിതയുടെ ചേംബറിൽ ഹാജരാക്കിയ ഇരുവരെയും 15 ദിവസത്തേക്ക്​ റിമാൻഡ്‌ ചെയ്‌തു. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും. യു.എ.പി.എ പോലുള്ള കരിനിയമം ചുമത്തിയതിനെതിരെ​ സി.പി.എം നേതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തി.

വെള്ളിയാഴ്ച രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിക്ക് സമീപം റോന്തുചുറ്റുന്നതിനിടെ മൂന്നു പേരെ സംശയകരമായ സാഹചര്യത്തിൽ ക​​ണ്ടെന്നും ഒരാൾ ഓടി രക്ഷപ്പെ​ട്ടെന്നുമാണ്​ ​പൊലീസ്​ പറയുന്നത്​. ഇവരുടെ കൈയിൽനിന്ന് മാവോവാദി​ അനുകൂല നോട്ടീസ് പിടിച്ചെടുക്കുകയായിരു​െന്നന്നും പോലീസ് വിശദീകരിക്കുന്നു. മാവോവാദി വേട്ടക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക എന്ന തലക്കെട്ടിൽ സി.പി.എം മാവോവാദി പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയുടെ പേരിലുള്ള നോട്ടീസാണ് പിടികൂടിയത്.

Full View

ഒളവണ്ണയിൽ ത്വാഹയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പൊലീസ് വേറെയും ചില ലഘുലേഖകളും പോസ്​റ്ററുകളും കണ്ടെടുത്തിട്ടുണ്ട്. വയനാട് കലക്ടറേറ്റിന്​ മുന്നിൽ ഒക്ടോബർ 28, 29, 30 തീയതികളിൽ നടത്തിയ രാപകൽ മഹാധർണയുടെയും ‘ഇന്ത്യയിലെ ജാതി പ്രശ്നം നമ്മുടെ കാഴ്ചപ്പാട്’ എന്ന് ലഘുലേഖയും ഇവരുടെ കൈയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറയുന്നു. ഒപ്പമുണ്ടായിരുന്ന ആളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
സി.പി.എം പാറമ്മൽ ബ്രാഞ്ച് കമ്മിറ്റി അംഗമായ ത്വാഹ ഫസൽ കണ്ണൂർ സ്കൂൾ ഓഫ് ജേണലിസത്തി​​െൻറ കോഴിക്കോട് പുതിയറയി​െല ബ്രാഞ്ചിൽ പി.ജി വിദ്യാർഥിയാണ്. കണ്ണൂർ സർവകലാശാല ധർമടം സ​െൻററിൽ രണ്ടാം വർഷ എൽഎൽ.ബി വിദ്യാർഥിയാണ് അലൻ ഷുഹൈബ്. സി.പി.എം മീഞ്ചന്ത ബൈപാസ് ബ്രാഞ്ച് കമ്മിറ്റി അംഗവും ബാലസംഘം, എസ്​.എഫ്​.ഐ പ്രവർത്തകനുമാണ്​. ഇരുവരുടെയും കുടുംബവും സി.പി.എമ്മുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്​.

യു.എ.പി.എ ചുമത്തിയതിനെതിരെ പാർട്ടി പ്രവർത്തകരുടെയും ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉത്തരമേഖല ഐ.ജി അശോക് യാദവ് പന്തീരാങ്കാവ് പൊലീസ് സ്​റ്റേഷനിലെത്തി ഒന്നര മണിക്കൂറിലധികം ഇരുവരെയും ചോദ്യം ചെയ്തു. യു.എ.പി.എ ചുമത്താവുന്ന കുറ്റമുണ്ടെന്നായിരുന്നു ഐ.ജിയുടെ പ്രതികരണം.
ഒരാശയത്തെ പിൻതാങ്ങി എന്നതുകൊണ്ട്‌ മാത്രം യു.എ.പി.എ ചുമത്താൻ കഴിയില്ലെന്ന്‌ അലനും ത്വാഹക്കുംവേണ്ടി ഹാജരായ അഡ്വ. എം.കെ. ദിനേഷും അഡ്വ. വിനീതയും വാദിച്ചു. കസ്‌റ്റഡിയിലെടുത്ത തന്നെ പൊലീസ്‌ മർദിച്ചതായി ത്വാഹ ജഡ്​ജിയോട്​ പരാതിപ്പെട്ടു. മുഖത്ത്‌ അടിച്ചതായും വയറിൽ ഇടിച്ചതായും ത്വാഹ പറഞ്ഞു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ്‌ കേസെടുത്തിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. കേസ്‌ വിശദമായി പരിശോധിക്കാതെ ജാമ്യം അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷനൽ പ്രോസിക്യൂട്ടർ വി. ബിന്ദുവും വാദിച്ചു. കോടതി റിമാൻഡ്‌ ചെയ്‌ത അലനെയും ത്വാഹയെയും ജില്ല ജയിലിലേക്ക്‌ മാറ്റി.

Tags:    
News Summary - police arrest student for keeping pamphlets -kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.