പരാതിപ്പെടാന്‍ ചെന്ന കുടുംബത്തിന് സ്റ്റേഷനില്‍ പൊലീസുകാരുടെ ക്രൂരമര്‍ദനം

കോഴിക്കോട്: ചില്ലറയില്ലാത്തതിന്‍െറ പേരില്‍ ബസില്‍നിന്ന് ഇറക്കിവിട്ടത് പരാതിപ്പെടാന്‍ ചെന്ന സ്ത്രീയെയും രണ്ടു മക്കളെയും നാട്ടുകാരനെയും ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേവായൂര്‍ പറക്കുളം വലിയപറമ്പില്‍ പരേതനായ മോഹനന്‍െറ ഭാര്യ പുഷ്പ (52), മക്കളായ പ്രിന്‍റു (28), മനുപ്രസാദ് (25), പ്രിന്‍റുവിന്‍െറ സുഹൃത്ത് അല്‍ഫാസ് (28) എന്നിവര്‍ക്കാണ് പൊലീസുകാരില്‍നിന്ന് ദുരനുഭവമുണ്ടായത്.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പരിസരത്താണ് സംഭവം. പാറോപ്പടിയിലെ സ്വകാര്യ കേറ്ററിങ് സെന്‍ററില്‍ ജോലിചെയ്യുന്ന പുഷ്പ ജോലി കഴിഞ്ഞ്  ബസില്‍ മടങ്ങുന്നതിനിടെ ചില്ലറയില്ലാത്തതിന്‍െറ പേരില്‍ ബസ് കണ്ടക്ടര്‍ അപമാനിക്കുകയായിരുന്നു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സ്റ്റോപ്പിലേക്കാണ് പുഷ്പ ടിക്കറ്റെടുത്തത്. ഏഴു രൂപയുടെ ടിക്കറ്റിന് ചില്ലറയില്ലാത്തതിനാല്‍ പത്തു രൂപ നല്‍കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിമാട്കുന്ന് വരെ സര്‍വിസ് നടത്തുന്ന ‘എ.ബി.എസ്’ സിറ്റി ബസിലെ കണ്ടക്ടര്‍ അസഭ്യവര്‍ഷം നടത്തിയത്. തുടര്‍ന്ന് വഴിയിലിറക്കിവിടുകയായിരുന്നു. അപമാനിതയായ പുഷ്പ മകന്‍ പ്രിന്‍റുവിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. വെള്ളിമാട്കുന്നില്‍ പോയി മടങ്ങിയ ബസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലത്തെിയപ്പോള്‍ മകനും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു.
തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും തൊട്ടടുത്തുള്ള ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് പൊലീസുകാരത്തെി കുടുംബത്തെയും ബസ് ജീവനക്കാരെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. പരാതി നല്‍കാന്‍ ഒരുങ്ങിയ പുഷ്പയുടെ പരാതി സ്വീകരിക്കാന്‍ തയാറായില്ളെന്നും പകരം ഇവരെ നാലുപേരെയും സ്റ്റേഷനകത്ത് പൂട്ടിയിട്ടെന്നും പുഷ്പയുടെ ബന്ധുക്കള്‍ ആരോപിച്ചു. ബസുകാരെ സംരക്ഷിക്കാനായിരുന്നുവത്രെ പൊലീസ് ശ്രമം. ഇക്കാര്യം ചോദ്യംചെയ്ത പ്രിന്‍റുവിനെയും മനുപ്രസാദിനെയും അല്‍ഫാസിനെയും പൊലീസുകാര്‍ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പുഷ്പക്ക് മര്‍ദനമേറ്റത്. നെഞ്ചത്ത് ചവിട്ടേറ്റ പുഷ്പ ബോധംകെട്ടതിനത്തെുടര്‍ന്ന് പൊലീസ് ജീപ്പില്‍ ഇവരെ നാലുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ടൗണ്‍ ബ്ളോക് കമ്മിറ്റി പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി.
എന്നാല്‍, പരാതി നല്‍കാനത്തെിയവരുടെ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും തുടര്‍ന്ന്  ഉന്തും തള്ളുമുണ്ടായെന്നുമാണ് പൊലീസ് വിശദീകരണം. സ്റ്റേഷനിലത്തെിയശേഷവും പരാതിക്കാരിയുടെ ഒപ്പമുണ്ടായിരുന്നവര്‍ കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദിച്ചുവത്രെ. ഇതേതുടര്‍ന്നാണ് അനിഷ്ട സംഭവമുണ്ടായതെന്നും സംഭവത്തില്‍ പരിക്കേറ്റ സ്റ്റേഷനിലെ സി.പി.ഒമാരായ മുഹമ്മദ് സുനീര്‍, സജിത്ത് തുടങ്ങിയവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - police attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.