ചേര്‍ത്തല: ജില്ലയിലെ ചരിത്രസ്മാരകങ്ങൾ കാണാനെത്തിയ കണ്ണൂര്‍ സ്വദേശികളെ ചേര്‍ത്തല പൊലീസ് മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ മൊകേരി സ്വദേശികളായ ഷിജോരാജ് (27), ജിതിന്‍ (24) എന്നിവർക്കാണ് മര്‍ദനമേറ്റത്. ഇവരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ചേര്‍ത്തല സ്‌റ്റേഷനിൽവെച്ച് എസ്.ഐയുടെ നേതൃത്വത്തിൽ മര്‍ദിച്ചതായാണ് ആരോപണം.
പുന്നപ്ര രക്തസാക്ഷി മണ്ഡപം, കണ്ണര്‍കാട് കൃഷ്ണപിള്ള സ്മാരകം, വയലാര്‍ രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ഡി.വൈ.എഫ്.ഐ സംഘം എത്തിയത്. ഇവര്‍ സഞ്ചരിച്ച വാഹനം ദേശീയപാതയില്‍ മറ്റൊരു വാഹനവുമായി മുട്ടിയത് സ്റ്റേഷനിൽ അറിയിക്കാനാണ് എത്തിയത്. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് എസ്.ഐ മർദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.
സ്റ്റേഷനിൽ എത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവാക്കളെ വിട്ടയക്കാന്‍ തയാറായില്ല. ഇവർ കണ്ണൂരിലെ സി.പി.എം നേതാക്കളെ സംഭവം അറിയിക്കുകയും അവിടെനിന്ന് ചേര്‍ത്തലയിലെ പാർട്ടി നേതാക്കള്‍ക്ക് വിവരം കൈമാറുകയും ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ. രാജപ്പന്‍ നായര്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ശ്യാംകുമാര്‍ തുടങ്ങിയവര്‍ സ്‌റ്റേഷനില്‍ എത്തിയശേഷമാണ് യുവാക്കളെ വിട്ടയച്ചത്. മര്‍ദനമേറ്റവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് അധികാരികള്‍ക്കും പരാതി നൽകുമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.