ചടയമംഗലം: പ്രവൃത്തി ദിനങ്ങൾ കുറവായതിനാൽ തിരക്കനുഭവപ്പെട്ട ബാങ്കിൽ ഇടപാടിനെത്തിയവർക്ക് പൊലീസിന്‍റെ വക പിഴയും ചോദ്യം ചെയ്ത പെൺകുട്ടിക്ക് നേരെ കേസും. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ ക്യൂ നിന്നയാൾക്ക് പെറ്റി എഴുതിയത് ചോദ്യം ചെയ്ത 18 വയസ്സുകാരിക്ക് എതിരെയാണ് ജോലി തടസ്സപ്പെടുത്തി എന്ന പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. നിയന്ത്രിത ദിവസങ്ങളിൽ മാത്രം പ്രവൃത്തിക്കുന്ന ബാങ്കുകളിൽ അത്യാവശ്യ ഇടപാടിനെത്തിയവർക്കുനേരെയാണ് പൊലീസിന്‍റെ നടപടി. പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന് ചില രാഷ്ട്രീയ പ്രവർത്തകർ വഴി അറിയിച്ചെങ്കിലും മാപ്പ് പറയില്ലെന്ന നിലപാടിലാണ് പെൺകുട്ടി.
പ്ലസ് ടു വിദ്യാർഥിയായ ചടയമംഗലം അക്കോണം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്ക് എതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. പിഴ ചുമത്തപ്പെട്ട മധ്യവയസ്കനും പൊലീസും തമ്മിൽ തർക്കമുണ്ടാകുന്നതു കണ്ട ഗൗരിനന്ദ പ്രശ്നം തിരക്കിയപ്പോൾ പൊലീസ് ഇവർക്കെതിരെയും പെറ്റി എഴുതി നൽകി. പെറ്റിക്കടലാസ് പൊലീസിന്‍റെ മുന്നിൽവെച്ച് തന്നെ കീറിയെറിഞ്ഞതോടെ വാക്പോര് രൂക്ഷമാവുകയായിരുന്നു. പെറ്റി എഴുതരുതെന്ന് പറഞ്ഞപ്പോൾ അസഭ്യം വിളിച്ചെന്നും അതിൽ പ്രതിഷേധിച്ചപ്പോൾ കേസ് എടുത്തെന്നും ഗൗരി യുവജന കമ്മിഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസുമായി വഴക്കിടുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചെന്നും കൊല്ലം റൂറൽ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുന്നതിനിടെ എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു വന്നത്. അതിനിടെയാണ് പൊലീസുമായി വാക്കുതർക്കം നടക്കുന്നത് കണ്ടത്. കാര്യംതിരക്കിയപ്പോൾ അനാവശ്യമായി പെറ്റി എഴുതിയതാണെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ പൊലീസുകാർ തന്‍റെ പേരും മേൽവിലാസവും ചോദിച്ചതായും സാമൂഹിക അകലം പാലിക്കാത്തിന് പെറ്റി എഴുതിയതായും ഗൗരിനന്ദ മാധ്യമങ്ങളോട് പറഞ്ഞു. സംസാരിച്ചതിന് പെറ്റിചുമത്തുകയാണെങ്കിൽ ഇവിടെ കൂടി നിൽക്കുന്ന പൊലീസുകാർക്കെതിരെയും പെറ്റി ചുമത്തണമെന്ന് ഗൗരി ആവശ്യപ്പെട്ടു.
അതേസമയം, പെൺകുട്ടിയുമായി അനുനയത്തിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വെക്കുകയായിരുന്നുവെന്ന് എസ് ഐ ശരലാൽ പറഞ്ഞു. പൊലീസിന്‍റെ കൃത്യനിർവഹണം തടസ്സപെടുത്തിയതിനും പൊതുജന മധ്യത്തിൽ അപമാനിച്ചതിനുമാണ് പെൺകുട്ടിക്കെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.