കാസർകോട്: സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കുറയുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ളതും സംഘടിതമായതുമായ അക്രമങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി പൊലീസ് മറ്റു കേസുകളുടെ മുന്നിൽ നിശ്ശബ്ദത പാലിക്കുന്നുവെന്നാണ് ക്രൈം റെക്കോഡ്സ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പൊലീസിനെ നിർവീര്യമാക്കുന്ന സർക്കാർ നടപടികളിൽ സേനക്കുള്ള പ്രതിഷേധവും കേസുകളുടെ ഗ്രാഫിൽ പ്രതിഫലിക്കുന്നു. 2016ൽ 7,07,870 കേസുകളാണ് രജിസ്റ്റർചെയ്തത്. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. 2018ൽ ഇത് 5,11,828 ആയി. ഇതിന് മൂന്നു കാരണങ്ങളാണ് പ്രധാനമായും പറയുന്നത്. കേസുകളുടെ എണ്ണം കുറക്കാനുള്ള പൊലീസ് സർക്കുലർ. ജനസംഖ്യാനുപാതികമായി സേനയുടെ ശക്തി വർധിപ്പിക്കാനാവാത്തതിനാൽ പെറ്റികേസുകളുടെ പിന്നാലെ പോകുന്നത് നിർത്തി സംഘടിത കുറ്റകൃത്യം തടയാൻ ശേഷി വിനിയോഗിക്കണമെന്നാണ് 2016ലെ സർക്കുലറിെൻറ അന്തഃസത്ത.
പൊലീസിനെതിരെയുള്ള ആരോപണങ്ങൾ കേസാവുകയും ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ സർക്കാർ താൽപര്യം കാണിക്കുകയും ചെയ്യുന്നതും പൊലീസിനെ പിന്നോട്ട് വലിക്കുന്നു. പൊലീസിനു നേരെയുണ്ടാകുന്ന അക്രമങ്ങളിലെ േകസുകൾ പരാതിക്കാരുടെ അനുമതിയില്ലാെത സർക്കാർ പിൻവലിക്കുന്നതും സേനയിൽ അതൃപ്തിയുണ്ടാക്കുന്നു. രാഷ്ട്രീയ കേസുകളിലാണ് ഇത് കൂടുതൽ. സ്വമേധയാ കേസെടുക്കുന്നതും അനിഷ്ട സംഭവങ്ങളിൽ സ്വമേധയാ ഇടപെടുന്നതും പൊലീസ് നിർത്തി.
സി.െഎമാർക്ക് സ്റ്റേഷൻ ചുമതല നൽകിയതും നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട എസ്.െഎമാർക്ക് പരിഗണന ലഭിക്കാത്തതുമാണ് മറ്റൊരു കാരണം. കുറ്റകൃത്യങ്ങളിൽ പരാതി വന്നാൽ മാത്രം കേസെടുത്താൽ മതിയെന്ന സ്ഥിതിയെത്തി. നടപടിയിൽ വീഴ്ചവന്നാൽ പൊലീസിനു ‘പണി കിട്ടുന്ന’ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളിലെ നടപടിയിൽ കുത്തനെ വളർച്ചയുണ്ടായിട്ടുണ്ട്.
കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യം 2016ൽ 2881 ആയിരുന്നത് 2018ൽ 4008 ആയി ഉയർന്നു. പുകയില ഉൽപന്നങ്ങൾ പൊതുസ്ഥലത്ത് ഉപയോഗിക്കുന്നതിനെതിരെയുള്ള കേസുകളാണ് (കോട്പ) പൊലീസ് കേസുകളുടെ എണ്ണം വർധിപ്പിക്കുന്നവയിൽ മുന്നിലുണ്ടായിരുന്നത്. ഇതിൽ വലിയ കുറവാണുണ്ടായത്.
പോക്സോ കേസുകളിൽ 2016 മുതൽ വർധനയുണ്ടായി. 2122 കേസുകളിൽനിന്ന് 3179 ആയി ഉയർന്നു. സ്വന്തം ശരീരവും തൊഴിലും സംരക്ഷിച്ച് കൂലിക്കുള്ള ജോലി മാത്രമെടുത്താൽ മതിയെന്ന നിർദേശം സേനയിലാകെ പടർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.