തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ സഹകരണ വകുപ്പ്. സെക്ഷന്‍ 68 പ്രകാരം ഇതിനുള്ള നടപടികള്‍ വകുപ്പ് ആരംഭിച്ചു. സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച പരിശോധനകളും തുടങ്ങി. ഇവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോ. രജിസ്ട്രാര്‍ക്ക് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം നല്കി.
എത്ര കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഈ റിപ്പോർട്ടിലൂടെ വ്യക്തമാകുമെന്നാണ് വകുപ്പ് കരുതുന്നത്. ബാങ്കിന് 104.11കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. എന്നാൽ, ഇതിൽ കൂടുതലുണ്ടായേക്കുമെന്നാണ് സൂചന. സഹകരണ വകുപ്പിനൊപ്പം സർക്കാർ നിയോഗിച്ച ഉന്നതതല സമിതിയുടെ നേതൃത്തിലുള്ള പരിശോധന കൂടിയാകുന്നതോടെ ക്രമക്കേട് സംബന്ധിച്ച് പൂർണരൂപം ലഭിക്കും. സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ കർശന നടപടി ഉറപ്പുവരുത്താനാണ് സി.പി.എമ്മും സർക്കാറും ആലോചിക്കുന്നത്. കരുവന്നൂരിൽ 2014 മുതൽ 2020 വരെയുള്ള കാലത്തെ ക്രമക്കേടുകളാണ് പുറത്തുവന്നിട്ടുള്ളത്. എന്നാൽ, 2003 മുതൽ തന്നെ ബാങ്കിനെതിരെ പരാതിയുള്ളതായി ആക്ഷേപമുണ്ട്. ഭരണസമിതി അംഗങ്ങൾ അറിയാതെ വായ്പകൾ അനുവദിക്കാനാവില്ലെന്നതിനാൽ ആരോപണ മുന ഭരണസമിതി അംഗങ്ങളിലേക്കും നീളും. ഇവരെല്ലാവരും സി.പി.എം പ്രാദേശിക നേതാക്കൾ കൂടിയാണ്.
29 വായ്പകളിൽനിന്നായി 14.5 കോടി രൂപ വകമാറ്റിയതിെൻറ രേഖകൾ പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ ബിജു കരീമും ബിജോയും വായ്പായിനത്തിൽ 46 വായ്പകളില്‍നിന്ന് 50 കോടിയിലധികമാണ് തട്ടിയെടുത്തത്. വ്യാപാര സ്ഥാപനങ്ങളിലും കുറി നടത്തിപ്പിലും ക്രമക്കേട് നടത്തിയതായും ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. ബാങ്കിന് കീഴിലെ മാപ്രാണം, കരുവന്നൂര്‍, മൂര്‍ക്കനാട് സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സ്റ്റോക്കെടുപ്പിലാണ് ഇത് നടന്നത്. 2020ലെ കണക്കുകളിൽ മൂന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്ന് 1.69 കോടി തട്ടിയതായാണ് റിപ്പോര്‍ട്ട്. മാസതവണ നിക്ഷേപ പദ്ധതിയില്‍ എല്ലാ ടോക്കണുകളും ഒരാള്‍ക്ക് തന്നെ നല്‍കിയും തട്ടിപ്പ് നടത്തി.
അനില്‍ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകള്‍ ഏറ്റെടുത്തു. ഇതില്‍ പകുതിയോളം വിളിച്ചെടുക്കുകയും മറ്റുള്ളവ ഈട്െവച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളില്‍ ബിനാമി ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
കുറി നടത്തിപ്പില്‍ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോ. രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയിലായെന്നത് സ്ഥിരീകരിക്കാതെ അന്വേഷണ സംഘം. മുഖ്യപ്രതിയുൾപ്പെടെ നാലുപേരെ ഞായറാഴ്ച അയ്യന്തോളിൽനിന്നും കസ്റ്റഡിയിലെടുത്തെന്നാണ് പൊലീസ് തലത്തിൽനിന്ന് തന്നെ മാധ്യമങ്ങൾക്ക് സൂചന ലഭിച്ചത്. നഗരത്തിന് സമീപം അയ്യന്തോളിലെ ഒരു ഫ്ലാറ്റില്‍നിന്ന് ഇവരെ വാഹനത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് കൊണ്ടുവരുന്നത് ആളുകൾ കണ്ടതായും പറയുന്നു. എന്നാൽ പ്രതികൾ പിടിയിലായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.
ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായതായി സൂചനയുള്ളത്. പിടികൂടാനുള്ള രണ്ടുപേരിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരിക്കുന്നുണ്ട്. മറ്റൊരാൾ ജില്ല വിട്ടില്ലെന്നാണ് വിലയിരുത്തൽ.
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ബിനാമി പണമുപയോഗിച്ച് കൊച്ചിയിലും ബിസിനസുള്ളതായി കണ്ടെത്തൽ. വിദേശത്തേക്ക് കടന്ന പ്രതി കിരൺ, കൊച്ചിയിൽ ബിനാമി പണമുപയോഗിച്ച് ബിസിനസ് നടത്തിയിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കൂളെക്സ് എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങളുടെ കമ്പനിയാണ് പ്രതികൾ നടത്തിയിരുന്നത്. ബിജു കരീമിെൻറ ബിനാമി പണമാണ് ഇതെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 44 ആധാരങ്ങളുപയോഗിച്ച് തട്ടിയെടുത്ത 23 കോടിയാണ് ഇതിൽ നിക്ഷേപിച്ചതെന്നാണ് കരുതുന്നത്. നേരത്തെ ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്ത പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സി.സി.എം ട്രഡേഴ്സ്, മൂന്നാർ ലക്സ്വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നിങ്ങനെ നാല് കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മറ്റെന്തൊക്കെയെന്ന് അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്.
ഇരിങ്ങാലക്കുട: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം പിൻവലിക്കാൻ എത്തിയവർ തമ്മിൽ തർക്കവും സംഘർഷവും. പണം പിൻവലിക്കുന്നതിന് ഞായറാഴ്ച വൈകീട്ടും രാത്രിയിലുമായി ടോക്കൺ നേടിയവരും ഇതറിയാതെ തിങ്കളാഴ്ച രാവിലെ ബാങ്കിന് മുന്നിൽ എത്തിയവരും തമ്മിലാണ് തർക്കം ഉടലെടുത്തത്. ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. കഴിഞ്ഞ ദിവസം ടോക്കൺ നേടിയവരെ പരിഗണിക്കാനായി ടോക്കൺ വിതരണം അവസാനിപ്പിച്ചതായി ബാങ്ക് അധികൃതർ നോട്ടീസ് ഇട്ടതോടെ രാവിലെ വന്നവർ ക്ഷുഭിതരാവുകയായിരുന്നു. തർക്കം പരിഹരിക്കാനും സംഘർഷം ഒഴിവാക്കാനുമുള്ള ശ്രമത്തിെൻറ ഭാഗമായി അടുത്ത ആഴ്ചത്തേക്കുള്ള ടോക്കണിനായി വരിനിൽക്കുന്നവരോട് പിരിഞ്ഞുപോകാൻ പൊലീസ് അഭ്യർഥിച്ചു. പരിഹാരമില്ലെങ്കിൽ ബാങ്ക് അടച്ചിടേണ്ടിവരുമെന്നും ആർക്കും പണം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുമെന്നും പൊലീസ് അറിയിച്ചതോടെ തര്‍ക്കം തീരുകയായിരുന്നു.
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ അനധികൃത വായ്പകളുടെ രേഖകൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ സംവിധാനമുള്ളതായി കണ്ടെത്തി. ബാങ്കിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അനധികൃത വായ്പ ഇടപാടുകാരുടെ ആധാരങ്ങളും അന്വേഷണസംഘം പിടിച്ചെടുത്തു. 29 ആധാരങ്ങളാണ് ലോക്കറിൽ സൂക്ഷിച്ചിരുന്നത്. ഇടപാടുകാർ അറിയാതെയാണ് ഈ ആധാരങ്ങൾ വെച്ച് ഒന്നിലേറെ തവണ വായ്പയെടുത്ത് പണം തട്ടിയതെന്ന് കണ്ടെത്തി. ആധാരങ്ങൾക്കൊപ്പം ലോക്കറിൽ നിന്ന് സ്വർണനാണയങ്ങളും കണ്ടെത്തി. ഇതേക്കുറിച്ച് പരിശോധിച്ച് വരുകയാണ്. ബാങ്കിന് കീഴിൽ സൂപർ മാർക്കറ്റുകളുടെ ശൃംഖലകളുണ്ട്. ഇവിടെനിന്ന് സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച സ്വർണനാണയങ്ങളാണിതെന്നാണ് സംശയിക്കുന്നത്. പ്രതികൾക്ക് ഫെഡറൽ ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ഉൾപ്പെടെ ഏഴിലധികം ബാങ്കുകളിൽ അക്കൗണ്ടുകളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം പേരിലും സ്ഥാപനങ്ങളുടെ പേരിലും അക്കൗണ്ടുകളുണ്ട്. പെസോ ഇൻറർനാഷണൽ, തേക്കടി റിസോർട്ട് തുടങ്ങിയവയുടെ പേരിലാണ് അക്കൗണ്ട് എടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.