തിരുവനന്തപുരം: രാപ്പകൽ ഭേദമന്യേ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന ജില്ല പൊലീസ് മേധാവികൾക്ക് പരീക്ഷ നടത്താനുള്ള നീക്കം തൽക്കാലം ഉപേക്ഷിച്ചു. ഡി.ജി.പിയുടെ ഇൗ നടപടിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരിൽ കടുത്ത അസംതൃപ്തിയാണുണ്ടായിരുന്നത്. ഇക്കാര്യം കഴിഞ്ഞദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരയായിരുന്നു പോക്സോ വിഷയവുമായി ബന്ധപ്പെട്ട ഇൗ പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച രാത്രിയിൽ പുറത്തിറക്കിയ ഉത്തരവിലൂടെയാണ് ഇൗ പരീക്ഷയും വിഡിയോ കോൺഫറൻസും മാറ്റിയത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കോവിഡ്, ലോക്ഡൗൺ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥർക്കാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് ഇപ്പോൾ പരീക്ഷ മാറ്റിയിട്ടുള്ളതും.
പോക്സോയുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവികൾ, ഇൗ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവഹിക്കാൻ ചുമതലപ്പെട്ടിട്ടുള്ള ഡിവൈ.എസ്.പിമാർ എന്നിവരുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ വിഡിയോ കോൺഫറൻസ് നടത്താനായിരുന്നു ഉദ്ദേശിച്ചത്. അതിനിടെയാണ് 20 ചോദ്യങ്ങൾ ഉൾപ്പെട്ട പരീക്ഷയും നടത്താൻ നിശ്ചയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.