കുന്ദമംഗലം: കഠ്വ ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈർ എന്നിവർക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തു. യൂത്ത് ലീഗിൽ നിന്ന് പുറത്തുപോയ യൂസഫ് പടനിലം നൽകിയ പരാതിയിലാണ് കേസെടുത്തത്. പൊലീസിന്‍റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ. ഫിറോസ് പ്രതികരിച്ചു.
ഐ.പി.സി സെക്ഷൻ 420 അനുസരിച്ച് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഏഴ് വർഷം വരെ തടവും പിഴയും ചുമത്താവുന്ന കുറ്റമാണിത്.
കഠ്വ ബലാത്സംഗ കേസിലെ ഇരയുടെ കുടുംബത്തെ സഹായിക്കാനും നിയമ നടപടികൾക്കുമായി സമാഹരിച്ച പണം വകമാറ്റി ചിലവഴിച്ചുവെന്നാണ് യൂസഫ് പടനിലം ആരോപിക്കുന്നത്. യൂസഫ് പരസ്യമായി ഉന്നയിച്ച ആക്ഷേപത്തിന് മറുപടിയുമായി യൂത്ത് ലീഗ് ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. പണം നിയമനടപടികൾക്കായി അഭിഭാഷകന് കൈമാറിയെന്നായിരുന്നു യൂത്ത്ലീഗിന്റെ വിശദീകരണം. എന്നാൽ, പണം വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു യൂസഫ് പടനിലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.