കാക്കനാട്: ദുരൂഹമായ തിരോധാനത്തിന് ശേഷം സനു മോഹൻ പിടിയിലാകുമ്പോൾ ഉത്തരം തേടുന്നത് നിരവധി ചോദ്യങ്ങൾക്കും അഭ്യൂഹങ്ങൾക്കുമാണ്. വൈഗയുടെ മരണത്തിനിടയാക്കിയ കാരണം തന്നെയാണ് ഇതിൽ പ്രധാനം. ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കത്തക്ക പ്രബലമായ തെളിവ് പൊലീസിന് കിട്ടിയിട്ടില്ല.
ഫൊറൻസിക് റിപ്പോർട്ടിലെ സൂചനകൾ മാത്രമാണ് പൊലീസിനുള്ളത്. വൈഗയുടെ മരണശേഷം സനുവിെൻറ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇതുവരെ ഉയർന്നിരുന്ന അഭ്യൂഹങ്ങൾക്കും പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കുട്ടിയെ സനു കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിക്കാനായാൽ അന്വേഷണം വഴിതിരിവിലെത്തും. മറിച്ച് കൊല ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഒളിച്ചോടി എന്നും കുട്ടി എങ്ങനെ ആ സമയത്ത് അവിടെ എത്തി എന്നും കണ്ടെത്തേണ്ടി വരും.
ഫോൺ കേടായി എന്ന് കള്ളം പറഞ്ഞതെന്തിന്, മുറിയിൽ കണ്ടെത്തിയ ചോരത്തുള്ളികൾ ആരുടേത്, കുട്ടിയുടെ ശരീരത്തിൽ ആൽക്കഹോളിെൻറ അംശമുണ്ടായത് എങ്ങനെ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നിലവിലുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുടുംബം കഴിഞ്ഞ ഓണത്തിന് ശേഷമാണ് മറ്റു കുടുംബാംഗങ്ങളുമായി വീണ്ടും ബന്ധം സ്ഥാപിച്ചതെന്നും ഇയാൾക്ക് പെട്ടെന്ന് സാമ്പത്തിക ബാധ്യതകൾ കൂടിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിനിമയിൽ അഭിനയിപ്പിക്കുന്നത് ഉൾെപ്പടെ മകളെ െവച്ച് എന്തോ വലിയ പദ്ധതി ആസൂത്രണം ചെയ്തതായാണ് പൊലീസിെൻറ സംശയം. ഇത് എന്തായിരുന്നെന്നും കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് എങ്ങനെ എത്തിച്ചേർന്നെന്നും ഉത്തരം ലഭിക്കേണ്ടതുണ്ട്. സംഭവം നടന്ന ദിവസം ആലപ്പുഴയിൽനിന്ന് ഒപ്പം വരണമെന്ന് ശഠിച്ച ഭാര്യയെ ഇയാൾ കർശനമായി വിലക്കുകയായിരുന്നു.
അതേസമയം, ഒരു മാസം നീണ്ട തിരോധാനത്തിനുശേഷം സനു മോഹൻ പിടിയിലായപ്പോഴും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. മകൾ വൈഗയുടെ മരണത്തിൽ സനുവിന് ബന്ധമുള്ളതായി തെളിയിക്കാൻ തക്ക തെളിവുകൾ പൊലീസിെൻറ പക്കൽ ഇല്ലാത്ത സാഹചര്യത്തിലാണ് ഇതുവരെ പ്രതി ചേർക്കാത്തത്. നിലവിൽ ആളെ കാണാതായതിനുള്ള കേസ് മാത്രമാണ് ഉള്ളത്.
വൈഗയെ സനു മോഹൻ കൊല ചെയ്തുവെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനമെങ്കിലും എന്തിന് കൊന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല. സനു താനുമായും കുട്ടിയുമായും അകൽച്ചയിലായിരുന്നു എന്ന രീതിയിൽ ഭാര്യ രമ്യ പൊലീസിന് മൊഴി കൊടുത്തെങ്കിലും അയാൾ കൃത്യം നടത്തില്ലെന്ന വിശ്വാസത്തിലാണ് ബന്ധുക്കൾ. കുട്ടിയെ സിനിമയിൽ അഭിനയിപ്പിച്ച് തെൻറ കടങ്ങൾ വീട്ടാൻ കഴിയുമെന്ന് സനു മോഹൻ പ്രതീക്ഷിച്ചതായും ഇതിനായി ചർച്ചകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. എന്താണ് കഴിഞ്ഞ മാർച്ച് 22 ഞായറാഴ്ച ബന്ധുവീട്ടിൽനിന്ന് ഇറങ്ങിയശേഷം സംഭവിച്ചതെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.