കോഴിക്കോട്: ഇത്ര 'ലൊടുക്ക' ഹെൽമറ്റ് കണ്ടിട്ടില്ല, ഐ.എസ്.ഐ മാർക്ക് പോയിട്ട് ഏതു കമ്പനിയുടേതാണെന്നു വരെ പിടിയില്ല!... സിറ്റി പൊലീസ് ആസ്ഥാനത്തുനിന്ന് നൽകിയ ഹെൽമറ്റ് ഒന്നിനും കൊള്ളാത്തതാണെന്ന സീനിയർ സിവിൽ പൊലീസ് ഓഫിസറുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിലും സേനാംഗങ്ങൾക്കിടയിലും ചർച്ചയാവുന്നു.
ഫറോക്ക് സ്റ്റേഷനിലെ ഉമേഷ് വള്ളിക്കുന്നാണ് വകുപ്പിലെ പർച്ചേസ് ടീമിനെയടക്കം രൂക്ഷമായി വിമർശിച്ച് കുറിപ്പിട്ടത്.
''കഴിഞ്ഞ ദിവസം ക്രമസമാധാനപാലനത്തിന് നിയോഗിച്ചപ്പോൾ ലഭിച്ച പുത്തൻ ഹെൽമറ്റ് ആദ്യമായി ധരിച്ചപ്പോൾതന്നെ ചിൻസ്ട്രാപ് കൈയിൽപോന്നു. പലഭാഗവും തുരുമ്പിച്ചിട്ടുമുണ്ട്. വിചിത്ര നിർമിതി കാരണം മുന്നോട്ട് തൂക്കവും കൂടുതലാണ്.
ഒരു കല്ലെങ്ങാനും വന്നുവീണാൽ കമ്പി പൊട്ടി മുഖത്ത് കുത്തിക്കേറും. വകുപ്പ് നൽകിയ ഹെൽമറ്റ് സമീപത്തെ കടയിലേൽപിച്ച് അവരുടെ ബൈക്കിന്റെ ഹെൽമറ്റ് കടംവാങ്ങിയാണ് ഡ്യൂട്ടിയെടുത്തത്.
എന്തായാലും വകുപ്പിലെ താഴേക്കിടയിലുള്ളവരുടെ തല പണയംവെച്ച് പുട്ടടിക്കാൻ ഉളുപ്പില്ലാത്ത ആസ്ഥാന പർച്ചേസ് ടീമിലെ മേലാളന്മാർക്ക് നല്ല നമസ്കാരം'' എന്നാണ് പോസ്റ്റിന്റെ ചുരുക്കം. ഹെൽമറ്റിന്റെ ചിത്രം സഹിതമിട്ട പോസ്റ്റിനടിയിൽ ആഭ്യന്തര വകുപ്പിനെയും സർക്കാറിനെയും വരെ വിമർശിച്ചുള്ള കമന്റുകളുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആക്രമികൾ മിഠായിതെരുവിൽ അഴിഞ്ഞാടിയത് സിറ്റി പൊലീസ് മേധാവിയുടെ അനാസ്ഥയാണെന്ന് കുറിപ്പെഴുതിയതിനും പന്തീരാങ്കാവ് യു.എ.പി.എ കേസിനു പിന്നാലെ, 'കാട് പൂക്കുന്ന നേരം' എന്ന സിനിമയുടെ പോസ്റ്റർ പങ്കുവെച്ചതിനും യു.എ.പി.എ കേസിലെ കോടതി വിധി വായിക്കണമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനും പ്രതിദിന ടാർഗറ്റ് നൽകി ജനത്തെ കൊള്ളയടിക്കാൻ പൊലീസിനെ റോഡിലേക്കു വിടുന്നു എന്നതടക്കമുള്ള പ്രതികരണങ്ങൾക്കും ഉമേഷ് വള്ളിക്കുന്ന് വകുപ്പുതല നടപടികൾ നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.