ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്ന സി.പി.എം നേതാവിെൻറ ശബ്ദരേഖ പുറത്ത്. കഞ്ഞിക്കുഴി സിപിഎം ലോക്കൽ സെക്രട്ടറി ഹെബിൻ ദാസും നർകോട്ടിക് സെല്ലിലെ ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്.ഷൈനും തമ്മില് സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇരുവരും തമ്മിൽ നടക്കുന്ന സൗമ്യമായ സംഭാഷണത്തിനിടെ നേതാവ് പെട്ടെന്നു പ്രകോപിതനായി അസഭ്യം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്.
ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെൺകുട്ടികളെയും വിവരങ്ങൾ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം. ഒരു മാസം മുൻപുണ്ടായ സംഭവത്തിെൻറ ശബ്ദരേഖ ഇപ്പോഴാണു പുറത്തായത്.
ഹെബിൻ ദാസിന്റെ ബന്ധുവായ യുവാവും ആളൊഴിഞ്ഞ സ്ഥലത്തുണ്ടായിരുന്നുവെന്നു സംഭാഷണത്തിൽ വ്യക്തമാണ്. ഈ യുവാവിനെ വിടണമെന്നാണ് ആവശ്യം. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതു സംബന്ധിച്ചു ചോദിച്ചപ്പോൾ എസ്.ഐയാണു വാങ്ങിവച്ചതെന്നു പൊലീസ് മറുപടി നൽകി. തുടർന്നാണ് അസഭ്യവും ഭീഷണിയും. ആവശ്യമില്ലാത്ത പരിപാടി വേണ്ട എന്നാണ് മുന്നറിയിപ്പ്.
``ഞാനിപ്പോൾ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാൽ ഞാൻ അവൻമാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാൻ സാറിനെ വിളിക്കാൻ കാര്യം അതാണ്. അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവെൻറ മൊബൈൽ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ്.ഐ അല്ല, ആരായാലും ഞാൻ അങ്ങോട്ടു വന്നാൽ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സാറെ, ആവശ്യമില്ലാത്ത പരിപാടി എടുക്കേണ്ട കേട്ടോ. അതു ഞാൻ ആദ്യമേ പറയുകയാണ്. സർ അറിഞ്ഞിട്ട് നമ്മുടെയടുക്കൽ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല.’ – ശബ്ദരേഖയിൽ ഹെബിൻ ദാസ് പറയുന്നു.
കഞ്ഞിക്കുഴി ബ്ലോക്ക് ജംക്‌ഷനു കിഴക്കുള്ള പാടത്തിനു നടുവിൽ കാടുപിടിച്ച സ്ഥലത്തു വിദ്യാർഥികൾ സംഘം ചേരുന്നതായി പൊലീസിനു വിവരം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് പോയതെന്നും അപ്പോൾ അവിടെ ഉണ്ടായിരുന്ന പെൺകുട്ടികൾ പ്രായപൂർത്തിയാകാത്തവരായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നുണ്ട്. കുട്ടികളെ പറഞ്ഞു വിട്ടെങ്കിലും യുവാക്കൾ പലതവണ തിരിച്ചെത്തി പൊലീസിനോടു മോശമായി പെരുമാറി. തുടർന്നാണു മാരാരിക്കുളം എസ്.ഐ അറിയിച്ചതെന്നും ഫോൺ സംഭാഷണത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.