കോഴിക്കോട്: വനിതദിന പരിപാടിയിൽ പങ്കെടുത്തതിന് കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചതിനുപിന്നാലെ സിറ്റി പൊലീസ് മേധാവിയെ രൂക്ഷമായി വിമർശിച്ച് സിവിൽ പൊലീസ് ഓഫിസറുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഫറോക്ക് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷാണ് (ഉമേഷ് വള്ളിക്കുന്ന്) സിറ്റി പൊലീസ് മേധാവി എ.വി. ജോർജിനെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. മാർച്ച് എട്ടിന് കാലിക്കറ്റ് പ്രസ്ക്ലബിൽ 'സായ' സംഘടിപ്പിച്ച പരിപാടിയിൽ 'പ്രണയപ്പകയിലെ ലിംഗരാഷ്ട്രീയം' എന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിച്ചതിന് എ.വി. ജോർജ് ഉമേഷിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ പരിപാടിയിൽ പങ്കെടുത്തത് ഗുരുതര കൃത്യവിലോപവും അച്ചടക്കലംഘനവുമാണെന്ന് കാണിച്ചാണ് അഞ്ചു ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്ന് കാട്ടി മാർച്ച് 25ന് നോട്ടീസ് നൽകിയത്. ഇതോടെ കാരണം ബോധിപ്പിക്കൽ നോട്ടീസും 'സായ'യുടെ പരിപാടിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ട പോസ്റ്റിലാണ് രൂക്ഷ വിമർശനമുള്ളത്.
പൊലീസിന്‍റെ അമ്പലപ്പിരിവിന് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തി, പൊലീസ് അസോസിയേഷൻ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ്, യു.ഡി.എഫ് എന്ന് പറഞ്ഞ് ഉത്തരവിറക്കി, സ്വർണക്കച്ചവടക്കാരിൽനിന്ന് പണം വാങ്ങി സിനിമ നിർമിച്ചു എന്നിവയടക്കം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.