നവംബർ 23 സന്ധ്യാനേരം. എൻമകജെ ഗ്രാമപഞ്ചായത്തിലെ സ്വർഗയിൽ പതിവില്ലാതെ ഒരു പന്തം കൊളുത്തിപ്രകടനം. തൊട്ടുകൂടായ്മക്കും ജാതിവെറിക്കുമെതിരായ പ്രക്ഷോഭമല്ലായിരുന്നു അത്. മറിച്ച്, ജാതിബോധം ഉൗട്ടിയുറപ്പിക്കാനുള്ള സംഘടിതശ്രമം. ജടാധാരി ക്ഷേത്രം 'അശുദ്ധ'മാക്കുന്നവർക്കെതിരായ താക്കീതായിരുന്നു അത്. ഹൈന്ദവസംഘടനകൾ എന്നപേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ആ സംഘടനകളിൽ താഴ്ന്നജാതിക്കാർ ആരുമില്ല. നൂറുകണക്കിന് പേർ പ്രകടനത്തിൽ അണിനിരന്നു. ദേവസ്ഥാനത്ത് ആരോ ചെരിപ്പിട്ട് കയറിയെന്നും ചിലർ പുറത്തുനിന്നും ആളുകളെ കൊണ്ടുവന്ന് പ്രശ്നമുണ്ടാക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. കൃഷ്ണമോഹന പൊസള്ള്യയുടെ നേതൃത്വത്തിൽ ദലിതർ നടത്തുന്ന ഇടപെടലുകൾക്കെതിരെയാണ് ഇവർ സംഘടിച്ചത്.
ക്ഷേത്ര ഭരണസമിതിയിലെ അംഗങ്ങളിൽ മിക്കവരും പ്രതിഷേധത്തിൽ പങ്കാളികളായി. ബ്രാഹ്മണരായ ഇവർ എല്ലാവരും സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ളവർ. പ്രകടനത്തിൽ പങ്കെടുത്തവരും മുദ്രാവാക്യം എഴുതി നൽകിയവരുമെല്ലാം ദേശീയ പാർട്ടിക്കാരെന്ന് പ്രദേശത്തെ ദലിത് സമുദായാംഗങ്ങൾ പറയുന്നു.
എൻമകജെ ഗ്രാമ പഞ്ചായത്ത് ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. ഇത്തവണ ബി.ജെ.പിയിൽനിന്ന് ഭരണസമിതി യു.ഡി.എഫ് പിടിച്ചെടുത്തു. ജാതിക്കോയ്മയുടെ പ്രതീകമായ ജടാധാരി ക്ഷേത്രം നിലകൊള്ളുന്ന അഞ്ചാംവാർഡ് ബദിയറു എന്നും ബി.ജെ.പിക്കൊപ്പമാണ്. ഇത്തവണയും ബി.ജെ.പി പ്രതിനിധിയാണ് വാർഡ് അംഗം. ജാതിവിവേചനം ഇവർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മറിച്ചൊന്നും ഇവരിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മൊഗർ സമുദായത്തിലെ ഒരു വിദ്യാർഥി പറഞ്ഞു. പ്രദേശത്തെ ജനസംഖ്യയുടെ നാലിലൊന്ന് മാത്രമാണ് ബ്രാഹ്മണർ. 300ഓളം കുടുംബങ്ങളാണ് ദലിത്- ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ടവരായുള്ളത്.
ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മത്സരിച്ച മണ്ഡലമാണ് മഞ്ചേശ്വരം. കേരളത്തിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച മണ്ഡലങ്ങളിലൊന്ന്. അയിത്തം നിലനിൽക്കുന്ന എൻമകജെയും ഈ മണ്ഡലത്തിനു കീഴിലാണ്. എൻമകജെ ഭരിക്കുന്നത് യു.ഡി.എഫ് ആണെങ്കിലും അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കാണ് മേധാവിത്വം.
ജാതിവെറിയും തൊട്ടുകൂടായ്മയുമെല്ലാമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വേളയിൽ ദലിതരിൽ ഒരു വിഭാഗം കാവിയണിയുമെന്നതാണ് ആശ്ചര്യകരം. 'ഹൈന്ദവ ഏകീകരണ'പ്രചാരണത്തിലും ചില സൗജന്യങ്ങളിലും ഇവർ വീണുപോകുന്നതായി പേര് വെളിപ്പെടുത്താത്ത ഇടതുപ്രവർത്തകൻ പറഞ്ഞു. കാവിമുണ്ടും ഷാളുമൊക്കെ അണിഞ്ഞ് തെരഞ്ഞെടുപ്പ് ഗോദയിൽ ദലിതരിൽ ചിലർ സജീവമാകും.
തെരഞ്ഞെടുപ്പിനു പിറ്റേന്ന് ദലിതൻ വീണ്ടും പഴയപോലെ തന്നെ. മേൽജാതിക്കാരനും പഴയപടി. ദലിതരെ ഒപ്പം കൂട്ടി കറിവേപ്പില കണക്കെ വലിച്ചെറിയുന്നത് പതിവാണെന്ന് കോളനിയിലെ വിദ്യാർഥി പരിഭവിച്ചു. ബി.ജെ.പി മാത്രമല്ല, കോൺഗ്രസും എന്തിന് ഇടതുപക്ഷം പോലും ഇത്തരം ജാതികാര്യങ്ങളിലേക്ക് വല്ലാതെ തലയിടാറില്ല. ആരെയും നോവിക്കാതെയാണ് എല്ലാവരുടെയും പാർട്ടിപ്രവർത്തനമെന്ന് ചുരുക്കം.
കർണാടകയോട് അതിർത്തിപങ്കിടുന്ന കേരളവിലാസം ഗ്രാമങ്ങളിൽ അയിത്തക്കഥകൾക്ക് പുതുമയില്ല. ചിരട്ടയിൽ ചായ കൊടുക്കുന്നതെല്ലാം മാറിയെന്നേയുള്ളൂ. ബ്രാഹ്മണർക്ക് കീഴ്പ്പെട്ട് ജീവിക്കേണ്ടവർ തന്നെയാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ദലിത്-ആദിവാസി വിഭാഗങ്ങൾ ഒേട്ടറെയുണ്ട് ഇവിടെ. ക്ഷേത്രവും നാടും നഗരവുമെല്ലാം മേൽജാതിക്കാരേൻറതെന്നും അവരുടെ കോപത്തിനിടയാക്കിയാൽ ദൈവം പൊറുക്കില്ലെന്നും ഇവരിൽ ചിലർ ഉറച്ചു വിശ്വസിക്കുന്നു.
മേൽജാതിക്കാരെൻറ മുന്നിലൂടെയുള്ള വഴി പോലും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇനി ഉപയോഗിക്കുകയാണെങ്കിൽ അടങ്ങിയൊതുങ്ങി നടക്കണം. ആ വഴിക്ക് വാഹനത്തിൽ സഞ്ചരിക്കാനൊന്നും അനുമതിയില്ല.
ബെള്ളൂർ പഞ്ചായത്തിൽ മൂന്നുവർഷം മുമ്പ് പാമ്പുകടിയേറ്റ് യുവാവ് മരിച്ചത് വലിയ വിവാദമായിരുന്നു. വീട്ടിലെ കടന്നൽക്കൂടിന് തീയിടാൻ ഒരു മേൽജാതിക്കാരൻ കൂലിക്ക് വിളിച്ചതായിരുന്നു യുവാവിനെ. അതിനിടെയാണ് പാമ്പുകടിയേറ്റത്. ആശുപത്രിയിലേക്ക് പോകാൻ വാഹനം നൽകാൻ മുതലാളിയുടെ ജാതിബോധം സമ്മതിച്ചില്ല. വാഹനം 'അശുദ്ധ'മാവുന്നതാണ് പ്രശ്നം. ഗത്യന്തരമില്ലാതെ തലച്ചുമടായി യുവാവിനെയും കൊണ്ട് സ്വന്തം സമുദായക്കാർ ആശുപത്രിയിലെത്തിച്ചു. സമയത്തിന് ചികിത്സ കിട്ടാതെ യുവാവ് മരിച്ചത് രണ്ടരവർഷം മുമ്പാണ്. ജില്ല ഭരണകൂടം വിഷയത്തിൽ റിപ്പോർട്ട് തേടിയെങ്കിലും അതെല്ലാം ഇപ്പോൾ കെട്ടടങ്ങി.
ഉയർന്ന ജാതിക്കാരുടെ വീടിനോട് ചേർന്നുള്ള റോഡിലൂടെ ദലിതനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. ഇൗ സംഭവവും ബെള്ളൂർ പഞ്ചായത്തിൽ തന്നെ. മേൽജാതിക്കാരെൻറ വീടിനു മുന്നിലെത്തിയപ്പോൾ തലച്ചുമടായി ആശുപത്രിയിൽ എത്തിച്ചത് വലിയ വാർത്തയായിരുന്നു അന്ന്. ബെള്ളൂർ പഞ്ചായത്തിലെ ഹൊസോളിഗെ തൊട്ടത്തിന് മൂല കോളനി നിവാസികൾക്കായിരുന്നു ഇൗ ദുരനുഭവം. ഇങ്ങനെ ഒേട്ടറെ അനുഭവങ്ങൾ കീഴ്ജാതിക്കാർക്ക് പറയാനുണ്ട്.
മേൽജാതിക്കാരനായ പത്തും പതിനഞ്ചും വയസ്സുള്ളവർ പോലും 60വയസ്സുകാരെ വിളിക്കുന്നത് താൻ എന്നാവും. ഉയർന്ന ജാതിചിന്തയിൽ അങ്ങനെ വിളിക്കുന്നത് ഇന്നും തുടരുന്നതായി സുന്ദര ബദിയടുക്ക പറഞ്ഞു. അച്ഛനെപോലും നീ എന്ന് 15കാരൻ വിളിക്കുന്നത് സഹിക്കാൻ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.