???????????? ?????????????? ?.?.??.??? ??????? ???? ??????? ???? ????????? ??.??. ??????? ???????? ??????????

അതിരപ്പിള്ളി പദ്ധതി: സർക്കാർ നീക്കത്തിൽ വ്യാപക പ്രതിഷേധം

ചാലക്കുടി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധം ശക്​തമാകുന്നു. കോവിഡ് കാലം മുതലെടുത്ത് പദ്ധതി തുടങ്ങാൻ അനുമതി നൽകിയതിനെ പരിസ്ഥിതിവാദികളും യുവജന സംഘടനകളും ശക്തമായി അപലപിച്ചു. അതിരപ്പിള്ളിയിൽ ജലവൈദ്യുത പദ്ധതി ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് സമരം നടത്തി. പദ്ധതിക്കായി സാങ്കേതിക - സാമ്പത്തിക- പാരിസ്ഥിതിക അനുമതിക്കായുള്ള നടപടികൾ തുടങ്ങാൻ കെ.എസ്.ഇ.ബിക്ക് സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് എ.ഐ.വൈ.എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധയോഗം സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ സംസാരിച്ചു. ജില്ല എക്സിക്യൂട്ടീവ് അംഗം പി.വി. വിവേക് സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

അതിരപ്പിള്ളി പദ്ധതി വീണ്ടും കൊണ്ടുവരുന്നത് പ്രകൃതിയോടുള്ള ക്രൂരതയാണെന്ന് എഴുത്തുകാരൻ ബാലചന്ദ്രൻ വടക്കേടത്ത് ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്ക് വേണ്ടി വാദിക്കുകയും മറുവശത്ത് അതിനെ നശിപ്പിക്കുന്ന പദ്ധതികൾ കൊണ്ട് വരുന്നതും ഇരട്ടത്താപ്പാണെന്ന് ബാലചന്ദ്രൻ പറഞ്ഞു. എല്ലാ തലങ്ങളിലും അപ്രായോഗികമായ അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കാതിക്കുടം സമരസമിതി സെക്രട്ടറി അനിൽ കാതികുടം ആവശ്യപ്പെട്ടു. ഇതോടെ ഒരു വൻ അഴിമതിക്കാണ് തുടക്കമിടുന്നതെന്നും ചാലക്കുടിപ്പുഴ നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അനിൽ പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വേനലിൽ പൂർണ ഉൽപാദനം നടക്കുമെന്ന്​ ഉറപ്പില്ലാത്ത 163 മെഗാവാട്ട് പദ്ധതിക്കായി സംസ്ഥാനത്ത്​ അവശേഷിക്കുന്ന 28 ഹെക്ടർ പുഴയോരക്കാടുകൾ മുക്കരുത്​. അപൂർവ മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്ന പക്ഷികളും നശിക്കും. പറമ്പിക്കുളം മുതൽ പൂയംകുട്ടി വരെയുള്ള ആനത്താരകൾ തടസ്സപ്പെടും. കാടർ വിഭാഗത്തിൽപ്പെട്ട 80 കുടുംബങ്ങൾക്ക് ആവാസം നഷ്​ടമാകും. അണക്കെട്ടിൽ നീരൊഴുക്ക് കുറഞ്ഞ് തൊട്ടടുത്ത പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികൾ അവതാളത്തിലാകും. 

പുറമെനിന്ന് വൈദ്യുതി വാങ്ങുന്നതിനെക്കാൾ ഉൽപാദനച്ചെലവ്​ വരുമെന്നും ജനവിരുദ്ധ നടപടിയിൽനിന്ന്​ പിന്മാറണമെന്നും സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും ആവശ്യപ്പെട്ടു. 
അതിരപ്പിള്ളി പദ്ധതിയുടെ ​പേരിൽ ആദിവാസികളെയും പട്ടികജാതിക്കാരെയും കുടിയിറക്കാനുള്ള നീക്കം ചെറുക്കുമെന്ന്​ ബി. ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ്​ ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. 2008ലെ വനാവകാശ നിയമപ്രകാരം വാഴച്ചാൽ അടങ്ങുന്ന പ്രദേശത്തി​​​െൻറ അവകാശം ആദിവാസി ഉൗരുകൂട്ടങ്ങൾക്കാണ്​. പദ്ധതിക്കെതിരെ  പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന്​ ഷാജുമോൻ പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - political parties are against athirappilly electricity project - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.