കൊച്ചി: മലിനീകരണ നിയന്ത്രണവും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലവിലെ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഒരുങ്ങുന്നു. അനാവശ്യ വ്യവസ്ഥകൾ ഒഴിവാക്കുകയും കൂടുതൽ കർശനമാക്കേണ്ടവ അത്തരത്തിൽ പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. നിലവിലെ സർക്കുലർ പ്രകാരമുള്ള മാർഗനിർദേശങ്ങളിൽ ശാസ്ത്രീയ മാറ്റം വേണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് ബോർഡിന്റെ നീക്കം.
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന സർക്കാർ നയത്തിനുകൂടി ഊന്നൽ നൽകുന്ന വിധത്തിലാകും മാർഗനിർദേശങ്ങളിൽ മാറ്റംവരുത്തുക. വ്യവസായ സ്ഥാപനങ്ങൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ, മാലിന്യ സംസ്കരണ പ്ലാന്റുകൾ, ക്രഷറുകൾ, ക്വാറികൾ, പൗൾട്രി ഫാമുകൾ തുടങ്ങിയവയുടെയെല്ലാം മലിനീകരണ നിയന്ത്രണവും സംസ്കരണവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പരിഷ്കരിക്കും.
നിലവിലെ ചില വ്യവസ്ഥകൾ വ്യവസായ സംരംഭകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നവയാണെന്ന് വിമർശനമുണ്ട്. അതേസമയം, മറ്റ് ചില വ്യവസ്ഥകൾ ശാസ്ത്രീയ മലിനീകരണ നിയന്ത്രണം ഉറപ്പാക്കാൻ ഉതകുംവിധം കർശനമല്ലെന്നും അഭിപ്രായമുണ്ട്. ഇത്തരം ന്യൂനതകളെല്ലാം പരിഹരിക്കുന്ന വിധത്തിൽ മാർഗനിർദേശങ്ങളിലും മാനദണ്ഡങ്ങളിലും ചട്ടങ്ങളിലും സമഗ്ര പരിഷ്കരണമാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്വാറികൾ, മാലിന്യ സംസ്കരണ പ്ലാന്റുകൾ, ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവ മൂലമുള്ള മലിനീകരണം ഒട്ടേറെ പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും പുതിയ മാർഗനിർദേശങ്ങൾക്ക് രൂപംനൽകുക.
ഇതിനായി പ്രത്യേക സാങ്കേതിക സമിതി രൂപവത്കരിക്കും. മലിനീകരണ നിയന്ത്രണ ബോർഡിലെ എല്ലാ ചീഫ് എൻജിനീയർമാരുടെയും അഭിപ്രായവും ആരായും. ഇതുവരെയുള്ള അനുഭവങ്ങൾകൂടി അടിസ്ഥാനമാക്കിയാകും മാർഗനിർദേശങ്ങൾ പരിഷ്കരിക്കുക എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എ.ബി. പ്രദീപ്കുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.