കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല നടത്തുന്ന പി.ജി കോഴ്സുകളും ബി.എ അറബികും നിർത്തലാക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിലുള്ള കള്ളക്കളി പുറത്ത്. പോണ്ടിച്ചേരി സർവകലാശാലക്ക് ദ്വീപിൽ കോഴ്സുകൾ തുടങ്ങാൻ ഭരണകൂടം അനുമതി നൽകി. ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഏക ആശ്രയമെന്ന പദവി ഇതോടെ കാലിക്കറ്റ് സർവകലാശാലക്ക് നഷ്ടമാകും. കാലിക്കറ്റിനെ പുറത്താക്കുന്നത് പോണ്ടിച്ചേരിക്ക് അനുമതി നൽകാനുള്ള ഗൂഡാലോചനയാണെന്നും ഇതോടെ വ്യക്തമായി.
തൊഴിൽ നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന കമ്മ്യുണിറ്റി കോളജുകൾ തുടങ്ങുകയും പിന്നീട് സ്ഥിരം ക്യാംപസ് അനുവദിക്കുകയുമാണ് ലക്ഷ്യമെന്ന് പോണ്ടിേച്ചരി സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗുർമീത് സിങ്ങിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ എ. അൻപരശു നൽകിയ കത്തിൽ വ്യക്തമാക്കി. ഈ അധ്യയന വർഷം തന്നെ മൂന്ന് കോഴ്സുകൾ തുടങ്ങാൻ പോണ്ടിച്ചേരി സർവകലാശാല എതിർപ്പില്ലാ രേഖ നൽകി. ടൂറിസം ആൻറ് സർവീസ് ഇൻഡസട്രി, സോഫ്റ്റ്വെയർ ഡവലപ്മെൻറ്, കാറ്ററിങ് ആൻറ് ഹോസ്പിറ്റാലിറ്റി എന്നീ കോഴ്സുകളാണ് പെട്ടെന്ന് തുടങ്ങുന്നത്. ബി.കോം, ബി.ബി.എ, നാല് വർഷ ഇൻറഗ്രേറ്റഡ് ബി.എസ്സി ബി.എഡ് തുടങ്ങിയവ ഉൾപ്പെടെയുള്ള കോഴ്സുകളും തുടങ്ങിയേക്കും.
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിെൻറ കടമത്ത് ദ്വീപിലെ െകട്ടിടത്തിലാണ് ക്ലാസുകൾ നടത്തുക. ഇവിടത്തെ ഹോസ്റ്റൽ സൗകര്യമടക്കം ഉപയോഗപ്പെടുത്തും. സ്ഥിരം ക്യാംപസ് സ്ഥാപിക്കാൻ ഭൂമി കണ്ടെത്തുന്നതിനുൾപ്പെടെ പോണ്ടിച്ചേരി സർവകലാശാല അധികൃതരെ ദ്വീപിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
കവറത്തി, ആേന്ത്രാത്ത്, കടമത്ത് എന്നീ ദ്വീപുകളിലായി കാലിക്കറ്റ് സർവകലാശാല നടത്തുന്ന എം.എ അറബിക്, ഇംഗ്ലീഷ്, പൊളിറ്റിക്സ്, എം.എസ്.സി അക്വാകൾച്ചർ, എം.എസ്.സി മാത്സ് എന്നീ പി.ജി കോഴ്സുകളാണ് നിർത്തുന്നത്. കേരളവുമായുള്ള ബന്ധം വിച്ഛേദിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നടത്തുന്ന നീക്കങ്ങളുടെ അവസാന ഉദാഹരണമാണിത്. മൂന്ന് വർഷത്തേക്ക് കാലിക്കറ്റുമായി കരാർ നീട്ടിയിട്ടുണ്ടെങ്കിലും ലക്ഷദ്വീപ് ഭരണകൂടം പോണ്ടിച്ചേരിക്ക് കൂടുതൽ കോഴ്സുകൾ അനുവദിച്ച് കാലിക്കറ്റിനെ പുറത്താക്കാനാണ് സാധ്യത.
ലക്ഷദ്വീപിലെ പഠന കേന്ദ്രങ്ങൾ നിർത്തലാക്കുന്നതായി അറിയിച്ച സംയുക്ത യോഗത്തിൽ കാലിക്കറ്റ് സസർവകലാശാല അധികൃതർ എതിർപ്പുയർത്തിയിരുന്നില്ല. യോഗതീരുമാനം ഇടതുപക്ഷ സിൻഡിക്കേറ്റ് അഞ്ചാഴ്ചേയാളം രഹസ്യമാക്കിവെച്ചതും ലക്ഷദ്വീപ് ഭരണകൂടത്തിന് മറ്റ് നീക്കങ്ങൾ നടത്താൻ സഹായമായി. ലക്ഷദ്വീപിലെ പഠനകേന്ദ്രങ്ങളോട് കാലിക്കറ്റിന്റെ അവഗണനയും കോഴ്സുകൾ നിർത്തലാക്കാൻ കാരണമായിട്ടുണ്ട്. കോഴ്സുകളിൽ വൈവിധ്യവൽക്കരണം ആവശ്യപ്പെട്ട് പലതവണയായി ദ്വീപ് സമൂഹം കാലിക്കറ്റിനെ സമീപിച്ചിരുന്നു. എന്നാൽ, കാര്യമായ പ്രതികരണമുണ്ടായില്ല. വർഷത്തിൽ മൂന്നരക്കോടി രൂപയാണ് പഠനകേന്ദ്രങ്ങൾ നടത്തുന്നതിന് ലക്ഷദ്വീപ് ഭരണകൂടം കാലിക്കറ്റിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.