വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബി.വി.എസ്.സി വിദ്യാർഥി ആത്മഹത്യ ചെയ്തതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം നെടുമങ്ങാട് കൊറക്കോട് പവിത്രം വീട്ടിൽ ജയപ്രകാശ്-ഷീബ ദമ്പതികളുടെ മകൻ സിദ്ധാർഥൻ(21) യൂനിവേഴ്സിറ്റി കാമ്പസിനകത്തെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ചത്.
വാലന്റൈൻസ് ദിനത്തിൽ കാമ്പസിലുണ്ടായ സംഭവത്തിന്റെ പേരിൽ, മരിച്ചതിന്റെ തലേദിവസം ചിലർ സിദ്ധാർഥനെ മർദിച്ചതായും പരസ്യമായി വിചാരണ ചെയ്തതായും ബന്ധുക്കൾ ആരോപിച്ചു.
തുടർന്ന് നാട്ടിലേക്കുതിരിച്ച സിദ്ധാർഥനെ നിർബന്ധിച്ച് തിരിച്ചുവിളിക്കുകയും തിരിച്ചെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറഞ്ഞു.
സിദ്ധാർഥന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, വയനാട് പൊലീസ് ചീഫ് എന്നിവർക്ക് പരാതി നൽകിയതായി ബന്ധുക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. വൈത്തിരി പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
സിദ്ധാർഥൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയിൽ ഫോറൻസിക് വിഭാഗം പരിശോധന നടത്തിയെങ്കിലും ആത്മഹത്യയുടെ കാരണം കണ്ടെത്താനായിട്ടില്ല. സ്റ്റുഡന്റ്സ് ക്ലാസ് റെപ്രസന്റേറ്റിവ് ആയിരുന്നു മരിച്ച സിദ്ധാർഥൻ. സിദ്ധാർഥന്റെ അസ്വാഭാവിക മരണത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി വൈത്തിരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.