വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലേക്ക് തിങ്കളാഴ്ച നടത്തിയ മാർച്ചും തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 250ഓളം പേർക്കെതിരെ വൈത്തിരി പൊലീസ് കേസെടുത്തു. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിനുത്തരവാദികളായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യുക, എസ്.എഫ്.ഐ ഭീകര വാഴ്ച അവസാനിപ്പിക്കുക, യൂനിവേഴ്സിറ്റി ഡീൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂനിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണ് വൈത്തിരി പൊലീസ് കേസെടുത്തത്.
കെ.എസ്.യു പ്രവർത്തകരായ അനീഷ്, സിൻജോ ജോസ്, ദിൽജിത്ത്, സഞ്ജയ്, ജഷീർ തുടങ്ങി 30 പേരുടെയും കണ്ടാലറിയാവുന്ന 150 പേരുടെയും പേരിലാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി, ബാരിക്കേഡ് തകർത്തു തുടങ്ങിയവ ഉൾപ്പെടുത്തിയാണ് കേസ്. സാധന സാമഗ്രികൾ നശിപ്പിച്ചതിന് 50,000 രൂപ നഷ്ടമീടാക്കാനും നിർദേശിച്ചിട്ടുണ്ട്.
കൂടാതെ എം.എസ്.എഫ് പ്രവർത്തകരായ ജസീറ, അംജത് ചാലിൽ, റഷീദ്, ശിഹാബ് തുടങ്ങിയവർക്കും 75ഓളം കണ്ടാലറിയാവുന്നവർക്കുമെതിരെയാണ് കേസെടുത്തത്. ബാരിക്കേഡ് നശിപ്പിച്ചതിനും മറ്റും 15,000 പിഴ ഈടാക്കാനും നിർദേശിച്ചിട്ടുണ്ട്.
തിങ്കളാഴ്ച കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ വെവ്വേറെയായി യൂനിവേഴ്സിറ്റിയിലേക്ക് നടത്തിയ മാർച്ച് സെക്യൂരിറ്റി കവാടത്തിൽ പൊലീസ് തടയുകയും തുടർന്ന് സംഘർഷമുണ്ടാകുകയും ചെയ്തിരുന്നു. സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടാകുകയും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിക്കുകയും ചെയ്തു. പിന്നീട് ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. അഞ്ചു പൊലീസുകാർക്കും പരിക്കേറ്റു.
കൽപറ്റ: വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി എം.പി ആവശ്യപ്പെട്ടു. ദിവസങ്ങളോളം മർദനത്തിനിരയായ സിദ്ധാർഥന്റെ ദാരുണമരണം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകരാണ് ആക്രമികൾ. കേരളത്തിലെ കാമ്പസിൽ ഇത്തരത്തിലൊരു സംഭവം നടക്കുന്നുവെന്നത് ഖേദകരമാണ്.
തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടമാക്കി മാറ്റിയിരിക്കുകയാണ്.
കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പകരം അവരെ സംരക്ഷിക്കാൻ സർവകലാശാല അധികൃതരും നിയമപാലകരും ശ്രമിച്ചതായി ശ്രദ്ധയിൽപെട്ടു. കേസ് മൂടിവെക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തെ അപലപിക്കുന്നതായും രാഹുൽ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.