ഈരാറ്റുപേട്ട: പൂഞ്ഞാറിലെ അപ്രതീക്ഷിത സംഭവത്തിൽ 27 വിദ്യാർഥികളെ തിരഞ്ഞുപിടിച്ച് കൊലപാതകശ്രമക്കുറ്റം ചുമത്തി കേസെടുത്തത് പിൻവലിച്ചില്ലെങ്കിൽ വോട്ട് ബഹിഷ്കരണം ഉൾപ്പെടെ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറിയും മഹല്ല് കോഓഡിനേഷൻ ചെയർമാനുമായ മുഹമ്മദ് നദീർ മൗലവി.
ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സി.എ.എ വിരുദ്ധ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ പി.സി. ജോർജ് നിയമസഭ കാണില്ലെന്ന് പറഞ്ഞ അതേ നാവുകൊണ്ടാണ് ഇതും പറയുന്നതെന്നും നദീർ മൗലവി പറഞ്ഞു. പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.തോമസ് ഐസക്, കെ.ടി. ജലീൽ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിലാണ് മുഹമ്മദ് നദീർ മൗലവി പ്രതിഷേധം അറിയിച്ചത്.
17 വയസ്സിൽ താഴെയുള്ള, 18 വയസ്സിന് തൊട്ട് മുകളിലുള്ള കുട്ടികൾ പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങുമ്പോൾ, അവർ ശിക്ഷിക്കപ്പെടുമ്പോൾ, 307 ചുമത്തുമ്പോൾ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട്.
കേസ് റദ്ദാക്കാതെ കുട്ടികൾ ഇങ്ങനെ കോടതി കയറിയിറങ്ങാൻ അനുവദിക്കില്ല. ഈരാറ്റുപേട്ടയിൽ ക്രൈസ്തവരും മുസ്ലിംകളും സഹോദരങ്ങളെപ്പോലെ കഴിയുന്നവരാണ്. ഇടപഴകി കച്ചവടം ചെയ്യുന്നു. എന്നാൽ, ചില വർഗീയ പേക്കോലങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. ഫാഷിസ്റ്റ് രീതി നടപ്പാക്കാൻ ശ്രമിച്ചവരെ തെരഞ്ഞെടുപ്പിൽ വീട്ടിലിരുത്തിയ ചരിത്രമാണ് ഈരാറ്റുപേട്ടയിൽ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.