ഇ.ഡിയുടെ അവകാശവാദങ്ങളെ തള്ളിക്കളയുന്നു -പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്​: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ വാര്‍ത്താകുറിപ്പില്‍ സംഘടനയ്‌ക്കെതിരെ ഉന്നയിച്ച അവകാശവാദങ്ങളെ തള്ളിക്കളയുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ.എം.എ സലാം അറിയിച്ചു. ഇ.ഡി 2022 മേയ് 13ന് ഏജന്‍സിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പോപുലര്‍ ഫ്രണ്ടിനെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

അടുത്തിടെ അറസ്റ്റ് ചെയ്ത സംഘടനയുടെ രണ്ടു നേതാക്കള്‍ക്കെതിരെ സപ്ലിമെന്ററി പ്രോസിക്യൂഷന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അറിയിക്കുന്നു. ഇ.ഡിയുടെ ഈ ആരോപണങ്ങളെല്ലാം പോപുലര്‍ ഫ്രണ്ട് തള്ളിക്കളയുകയാണ്. പോപുലര്‍ ഫ്രണ്ടിനെയും അതിന്റെ നേതാക്കളെയും അണികളെയും ദ്രോഹിക്കാനായി ഇ.ഡി തയാറാക്കിയ തിരക്കഥയുടെ പുനരാവിഷ്‌കാരമാണ് പുതിയ പ്രസ്താവന.

കേസും ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നു ബോധ്യമായിട്ടും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടും അംഗങ്ങളും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കുകയാണുണ്ടായത്.

തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ബി.പി. അബ്ദുൽ റസാഖ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.കെ. അഷ്റഫ് എന്നിവരെ അറസ്റ്റ്ചെയ്തതും നിരന്തര പീഡനത്തിന്റെ ഭാഗമാണ്. ഇരുവരും സ്വന്തമായി ബിസിനസ് നടത്തുന്നവരാണ്. രാഷ്ട്രീയ പ്രേരിതമായ ഈ കേസുകള്‍ പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തില്ല. ഇത്തരം പീഡനങ്ങളെ നിയമപരമായും ജനാധിപത്യപരമായും പോപുലര്‍ ഫ്രണ്ട് നേരിടും. 

Tags:    
News Summary - Popular Front Rejects ED's claims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.