പറവൂർ: പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങിയെന്നും പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
വലിയ പൊട്ടിത്തെറി സി.പി.എമ്മിലുണ്ടാകും. സി.പി.എം സെക്രട്ടറിയും മുഖ്യമന്ത്രിയും തോല്‍വിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമായാണ്. എന്നിട്ടും മാധ്യമങ്ങള്‍ കാണാതെ പോയത് എന്തുകൊണ്ടാണ്. എം.വി ഗോവിന്ദനും പിണറായി വിജയനും ഇരുധ്രുവങ്ങളില്‍ നിന്നാണ് സംസാരിച്ചത്. സര്‍ക്കാറിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സി.പി.എം ജില്ല കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാര്‍ട്ടി ഗ്രാമങ്ങളിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സി.പി.എമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു -വി.ഡി. സതീശൻ പറഞ്ഞു.
തൃശൂരില്‍ ഡി.സി.സി ചുമതല ജില്ലക്ക് പുറത്തുള്ള ആള്‍ക്ക് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി ഉപസമതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പുനര്‍ജ്ജനി പദ്ധതിയിൽ ഈ വര്‍ഷം കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കും. സര്‍ക്കാരിന്റെ ലൈഫ് പദ്ധതി വഴിയിലായ സാഹചര്യത്തില്‍ വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് പദ്ധതി മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് 4,55,000 വീടുകള്‍ വച്ചപ്പോള്‍ ഈ സര്‍ക്കാര്‍ എട്ടു വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തോളം വീടുകള്‍ മാത്രമാണ് വച്ചത്. അതുകൊണ്ടു തന്നെയാണ് ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതും. പുനര്‍ജ്ജനിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടന്നിട്ടില്ല. പുനര്‍ജ്ജനിയില്‍ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.