തിരുവനന്തപുരം: 335 സ്കൂളുകളിൽ അധിക തസ്തിക സൃഷ്ടിക്കാനുള്ള ശിപാർശ വിദ്യാഭ്യാസ വകുപ്പ് തള്ളി. 2648 സ്കൂളുകളിലായി 6500ഓളം അധിക തസ്തിക സൃഷ്ടിക്കാനായിരുന്നു സ്കൂളുകളിൽ നടത്തിയ പരിശോധനക്കുശേഷം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർ (ഡി.ഡി.ഇമാർ) പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ശിപാർശ സമർപ്പിച്ചത്. ഇതിൽനിന്ന് 335 സ്കൂളുകളിലെ ശിപാർശകൾ പൂർണമായും തള്ളുകയോ പുനഃപരിശോധനക്ക് നിർദേശിക്കുകയോ ചെയ്ത് ഡയറക്ടർ തിരിച്ചയക്കുകയായിരുന്നു.
അതേസമയം, 2022 -23ലെ തസ്തിക നിർണയത്തിലൂടെ നേരത്തെയുണ്ടായിരുന്ന 4563 തസ്തികകൾ ഇല്ലാതായി. ഇതുവഴി അധിക തസ്തികകൾ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത സർക്കാറിന് കുറയും. അധിക തസ്തിക സൃഷ്ടിക്കുന്നതിന് നേരത്തെയുണ്ടായിരുന്ന രീതി കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തി സർക്കാർ ഏറ്റെടുക്കുകയായിരുന്നു. നേരത്തെ വിദ്യാഭ്യാസ ഓഫിസർമാരാണ് അധിക തസ്തിക സൃഷ്ടിക്കൽ നടപടി പൂർത്തിയാക്കിയിരുന്നത്.
ഭേദഗതിയിലൂടെ ഇത് ഡി.ഡി.ഇതല പരിശോധനക്കുശേഷം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണമെന്നും ഡയറക്ടർ പരിശോധനക്കുശേഷം സർക്കാറിലേക്ക് ശിപാർശ ചെയ്യണമെന്നുമാക്കി മാറ്റുകയായിരുന്നു. ഭേദഗതി ഹൈകോടതി ശരിവെച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.