തിരുവനന്തപുരം: പി.ആർ വിവാദത്തിലും എ.ഡി.ജി.പിയുടെ ആർ.എസ്.എസ് കൂടിക്കാഴ്ചയിലുമടക്കം മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് പിന്തുണ നൽകിയും പ്രതിരോധിക്കാൻ പാർട്ടി രേഖ തയാറാക്കി സി.പി.എം. മുന്നണിക്കും സർക്കാറിനുമെതിരെ അതിരൂക്ഷ പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ നിലപാട് വിശദമാക്കി ‘വർത്തമാനകാല രാഷ്ട്രീയവും പാർട്ടി സമീപന’വുമെന്ന പേരിൽ രേഖ തയാറാക്കി തഴേത്തട്ടു വരെ റിപ്പോർട്ട് ചെയ്യാൻ സംസ്ഥാന സമിതി തീരുമാനിച്ചു.
മത-വർഗീയ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം മുഖ്യമന്ത്രി സ്വീകരിക്കുന്നതാണ് മുന്നണിക്കും സർക്കാറിനുമെതിരായ കടന്നാക്രമണത്തിന് കാരണമെന്നാണ് പാർട്ടി വിലയിരുത്തൽ. ഭൂരിപക്ഷ -ന്യൂനപക്ഷ വർഗീയ ശക്തികൾ ഇക്കാര്യത്തിൽ ഒരുപോലെ ആവേശം കാട്ടുകയാണ്. കോർപറേറ്റ് താൽപര്യം കൂടി ചേരുന്നതോടെ ഒന്നാം കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെ ഉണ്ടായതിന് സമാന രീതിയാണ് സർക്കാറിനെതിരെയുള്ള കടന്നാക്രമണങ്ങൾ. പാർട്ടിയെ ദുർബലപ്പെടുത്തുന്നതിന് നേതൃത്വത്തെ കടന്നാക്രമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ ഉന്നം വെക്കുന്നത്.
മതരാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഈ സമീപനങ്ങൾ മതനിരപേക്ഷ കക്ഷികളിലും ന്യൂനപക്ഷങ്ങളിലും വലിയ പിന്തുണ നേടിക്കൊടുത്തു. ഇത് തകർക്കുകയാണ് ആർ.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ചയുടെ പേരിൽ മുഖ്യമന്ത്രിക്കും ആർ.എസ്.എസ് ബന്ധം ആരോപിക്കുന്നതിലൂടെ ഉന്നംവെക്കുന്നതെന്നു രേഖ വ്യക്തമാക്കും.
മുസ്ലിംലീഗിനെ ഒപ്പം കൂട്ടാനുളള മോഹം ഇടക്കാലത്ത് സി.പി.എമ്മിനുണ്ടായിരുന്നുവെങ്കിലും അത് ഉപേക്ഷിച്ചുവെന്നാണ് പുതിയ നീക്കങ്ങളിൽനിന്ന് വ്യക്തമാകുന്നത്. മലപ്പുറത്ത് ഇടം നേടണമെങ്കിൽ ലീഗിനെ രാഷ്ട്രീയമായി തകർക്കണമെന്ന കാർക്കശ്യമേറിയ സമീപനത്തിലാണ് പാർട്ടി ഇപ്പോൾ. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുസ്ലിംലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ചേർത്തുകെട്ടി ആക്രമിക്കാനാണ് ശ്രമം. ‘‘ലീഗും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് ന്യൂനപക്ഷങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണത്തിന് വേണ്ട ശ്രമങ്ങളാണ് നടത്തുന്നതെന്ന’’ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം ഇത് അടിവരയിടുന്നു. ‘ ന്യൂനപക്ഷ വിഭാഗങ്ങളെ ജനാധിപത്യവത്കരണത്തത്തിന്റെ ഭാഗമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തമാക്കുന്നതിന് പകരം വർഗീയതയിലേക്ക് നയിക്കാനാണ് ഇവർ ശ്രമിക്കുന്നതെന്ന ഗൗരവമേറിയ ആരോപണം കൂടി എ.വി ഗോവിന്ദൻ ഉന്നയിച്ചിട്ടുണ്ട്.
തൃശൂർ പൂരം അലങ്കോലമാക്കാൻ ആർ.എസ്.എസ് ഇടപെടലുണ്ടായി എന്ന കാര്യം സി.പി.എം സ്ഥിരീകരിക്കുന്നു. ആർ.എസ്.എസിന്റെ രാഷ്ട്രീയ താൽപര്യമാണ് ഇതിലേക്ക് എത്തിച്ചതെന്നാണ് പാർട്ടി വിലയിരുത്തൽ. പി.ശശിക്കെതിരെ പരസ്യയുദ്ധം പ്രഖ്യാപിച്ച പി.വി അൻവർ പുറത്തുപോയ സാഹചര്യത്തിൽ അതിലുള്ള അന്വേഷണവും പാർട്ടി അവസാനിപ്പിച്ചു. പി.ആർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾ മുഖവിലക്കെടുത്തെങ്കിലും ഉരുണ്ടുകളിക്കലല്ലാതെ കൃത്യമായ വിശദീകരണത്തിന് ഇപ്പോഴും പാർട്ടി മുതിർന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.