പത്തനാപുരം: നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി പ്രദീപ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമാസ്റ്റൈലിൽ. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയായ പ്രദീപ്കുമാറിനെ എം.എൽ.എയുടെ വീട്വളഞ്ഞാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച പുലര്‍ച്ച 4.30 ഓടെയായിരുന്നു അറസ്റ്റ്.
പേഴ്സനല്‍ സ്റ്റാഫില്‍നിന്ന് പ്രദീപ് കുമാറിനെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ പറഞ്ഞെങ്കിലും അദ്ദേഹത്തിൻെറ വസതിയിലായിരുന്നു താമസിച്ചിരുന്നത്. പ്രദീപിനെ പിടിക്കാൻ സഹായം തേടി കാസർകോട് ബേക്കല്‍ പൊലീസ് രാത്രി ഒന്നരക്കാണ് പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് എം.എൽ.എയുടെ പത്തനാപുരം മഞ്ചള്ളൂരിലെ വസതി വളഞ്ഞ് പ്രദീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ സ്വകാര്യവാഹനത്തില്‍ കാസർകോടേക്ക് കൊണ്ടുപോയി.
പ്രദീപിെൻറ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ല സെഷൻസ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമായി നടപടി പൂര്‍ത്തിയാക്കി അറസ്റ്റ്. ബേക്കല്‍ സി.ഐ രാജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
കേസിലെ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നാവശ്യപ്പെട്ട് ജനുവരി 24ന് പ്രദീപ് കാസർകോടെത്തി വിപിൻലാലിനെ നേരിട്ട് കണ്ടിരുന്നു. ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണി തുടര്‍ന്നു. ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് വിപിന്‍ലാല്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും പ്രദീപ് താമസിച്ച ലോഡ്ജില്‍നിന്നുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.