കൊച്ചി: രാജ്യത്തെ സാമൂഹിക ഘടനയിലെ ജാതി-വർഗ ബന്ധം മനസ്സിലാക്കിയുള്ള പാർലമെൻററി പ്രവർത്തനം അനിവാര്യമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സവിശേഷ സാമൂഹിക ഘടന മനസ്സിലാക്കി ശരിയായ പ്രയോഗം വികസിപ്പിക്കുകയാണ് വിപ്ലവ പ്രവർത്തനത്തിെൻറ സുപ്രധാനവശമെന്നും അദ്ദേഹം പറഞ്ഞു. കാറൽ മാർക്സിെൻറ 200ാം ജന്മദിനത്തിൽ ഇ.എം.എസ് പഠനകേന്ദ്രം കൊച്ചിയിൽ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് ‘മാർക്സിെൻറ സമകാലീന പ്രസക്തി’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു കാരാട്ട്.
മറ്റൊരിടത്തുമില്ലാത്ത ജാതിവ്യവസ്ഥയാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ജാതി-വർഗ ബന്ധത്തെ മനസ്സിലാക്കിയുള്ള പ്രായോഗിക രാഷ്്ട്രീയ പ്രവർത്തനത്തിനാണ് മാർക്സിസ്റ്റ് പ്രവർത്തകർ ഊന്നൽ നൽകേണ്ടത്. മതപരവും ജാതീയവും സാംസ്കാരികവുമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കാനും ഹിന്ദുത്വ ശക്തികൾക്കെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടെടുക്കാനും ഇത്തരം പ്രയോഗപരത സഹായിക്കും. പാർലമെൻററി രംഗത്തെ അനുഭവങ്ങളെ മാർക്സിയൻ സിദ്ധാന്തവുമായി കൂട്ടിച്ചേർക്കണം. വിപ്ലവപ്രവർത്തനമായി ഇതിനെ വീക്ഷിക്കാനുള്ള സമഗ്ര കാഴ്ചപ്പാടുണ്ടാക്കിയെടുക്കാൻ പാകത്തിനുള്ള സൈദ്ധാന്തിക വളർച്ചയാണ് ആവശ്യം.
അനൗപചാരിക, അസംഘടിത തൊഴിലാളികൾ ധാരാളമുള്ള മുതലാളിത്ത സമ്പദ്വ്യവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. ലിംഗപരമായ അനീതി, ചൂഷണം ഉൾപ്പെടെ പുതിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. ഏറ്റവും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തൊഴിലാളികളായാണ് സ്ത്രീകളെയും കുട്ടികളെയും പരിഗണിക്കുന്നത്. ജാതി അടിസ്ഥാനത്തിനുള്ള തൊഴിൽ വിഭജനം ഇന്ത്യയിലിപ്പോഴുമുണ്ട്. അവ നിലനിൽക്കുന്നിടത്തോളം മുതലാളിത്തം മേഖലയിൽ പിടിമുറുക്കും. കൊള്ളലാഭമാണ് മുതലാളിത്തത്തിെൻറ ആത്യന്തിക ലക്ഷ്യം. അസംഘടിത തൊഴിലാളികളെ പൊതു തൊഴിലാളി വർഗത്തിെൻറ ഭാഗമാക്കുകയാണ് 21ാം നൂറ്റാണ്ടിൽ മാർക്സിസം നേരിടുന്ന വെല്ലുവിളികളിലൊന്ന്. മൂന്നാം ലോക രാജ്യങ്ങളിൽ കാർഷിക പ്രതിസന്ധിയും രൂക്ഷമാണ്. ആഗോള മുതലാളിത്തം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ വിശകലനം ചെയ്യപ്പെടുന്നത് മാർക്സിയൻ സിദ്ധാന്തത്തിെൻറ വെളിച്ചത്തിലാണെന്നത് അതിെൻറ സമകാലികത വർധിപ്പിക്കുന്നതായും കാരാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.