ശ്രീകണ്ഠപുരം: അന്തരിച്ച എ.ഡി.എം നവീൻ ബാബു സത്യസന്ധനാണെന്ന് പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തന് തന്നോട് പറഞ്ഞിരുന്നതായി ചെങ്ങളായി ചേരന്‍കുന്ന് സെന്റ് ജോസഫ് പള്ളി വികാരി പോള്‍ എടത്തിനേടത്തിന്റെ വെളിപ്പെടുത്തൽ.
പള്ളിയുടെ സ്ഥലമാണ് പെട്രോൾ പമ്പ് തുടങ്ങാന്‍ പ്രശാന്തന് പാട്ടത്തിനെടുത്തത്. സെന്റിന് പ്രതിമാസ വാടകയായി 1000 രൂപ പ്രകാരം 40 സെന്റ് സ്ഥലമാണ് പാട്ടത്തിന് നൽകിയത്. പമ്പ് പണി തുടങ്ങുന്നതു മുതൽ വാടക നൽകുമെന്നാണ് പറഞ്ഞത്. ഇതുവരെ ഒറ്റ രൂപ വാങ്ങിയിട്ടില്ല.
പമ്പ് തുടങ്ങാന്‍ വൈകുന്നതു സംബന്ധിച്ച് താന്‍ ആരാഞ്ഞപ്പോള്‍ എ.ഡി.എമ്മിന്റെ അനുമതി ലഭിക്കാനുണ്ടെന്ന് പ്രശാന്തൻ പറഞ്ഞു. ബി.പി.സി.എല്‍ കമ്പനിയുടെ പ്രതിനിധികളും പഞ്ചായത്ത് അധികൃതരും എ.ഡി.എമ്മും സ്ഥലപരിശോധനക്കെത്തിയിരുന്നു. വളവും തിരിവുമുള്ള സ്ഥലമാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അനുമതി വൈകിയതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ടൗണ്‍ പ്ലാനറുടെ അനുമതിപത്രം 30നാണ് ലഭിച്ചത്.
അത് ലഭിച്ച് ആറു പ്രവൃത്തിദിവസത്തിനുള്ളില്‍ തന്നെ എ.ഡി.എം അനുമതിയും നല്കി. എ.ഡി.എമ്മിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സ്ഥലം പാട്ടത്തിന് നല്‍കിയത് റദ്ദാക്കുന്ന കാര്യം ആലോചിക്കുമെന്നും പള്ളിക്കമ്മിറ്റി ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.