ഒറ്റപ്പാലം: തിരിച്ചെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നും വേണ്ട എന്നും പറഞ്ഞ് കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ തർക്കം. 23 അജണ്ടകളിൽ ഒരെണ്ണം പോലും ചർച്ച ചെയ്യാനാകാതെ ചെയർമാൻ യോഗം പിരിച്ചുവിട്ടു.
ചൊവ്വാഴ്ച രാവിലെ ചേർന്ന കൗൺസിൽ യോഗത്തിൽ അജണ്ടകൾ ചർച്ചക്കെടുക്കും മുമ്പ് കൗൺസിലർ പി.എം.എ. ജലീൽ അവതരിപ്പിച്ച അടിയന്തര പ്രമേയമാണ് ഒച്ചപ്പാടിലേക്ക് നയിച്ചത്. തിരിച്ചെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പിൻവലിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.
തുടർന്ന് നടന്ന ചർച്ചയിൽ 14 അംഗങ്ങളുള്ള സി.പി.എം കൗൺസിലർമാർ പ്രമേയത്തെ ഒറ്റക്കെട്ടായി എതിർക്കുകയും ടെസ്റ്റ് റിപ്പോർട്ട് ഇല്ലാതെ നാട്ടിലേക്ക് കൊണ്ടുവരാൻ അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, പ്രതിപക്ഷത്തെ യു.ഡി.എഫ്, ബി.ജെ.പി, സി.പി.എം വിമതർ, പൊതുസ്വതന്ത്രൻ ഉൾെപ്പടെയുള്ളവർ പ്രമേയത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. സുരക്ഷയുടെ ഭാഗമായി സർക്കാർ എടുത്ത തീരുമാനം കൗൺസിലിന് ചോദ്യം ചെയ്യാൻ കഴിയില്ലെന്നും പ്രമേയം അംഗീകരിക്കാനാവാത്തതാണെന്നും ചർച്ച പൂർത്തിയായ വേളയിൽ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അറിയിച്ചു.
ഇതിനിടെ ഇരിപ്പിടം വിട്ട കൗൺസിലർമാർ പ്രതിേഷധവുമായി ചെയർമാെൻറ മുന്നിലെത്തി. 36 അംഗ കൗൺസിലിൽ 14 സി.പി.എം കൗൺസിലർമാർ ഒഴികെയുള്ളവർ പ്രമേയത്തിന് അനുകൂലിക്കുന്ന സാഹചര്യത്തിൽ വോട്ടിനിട്ട് തീർപ്പുണ്ടാക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും ചെയർമാൻ നിലപാടിൽ ഉറച്ചുനിന്നു. പ്രമേയം അംഗീകരിക്കില്ലെന്നും യോഗം പിരിച്ചുവിട്ടതായും അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് പ്രതിപക്ഷം ഹാളിെൻറ പ്രവേശന വഴിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. ഇവർ പിരിഞ്ഞതോടെ ഹാളിലുണ്ടായിരുന്ന ഭരണ പക്ഷ കൗൺസിലർമാർ മുദ്രാവാക്യം വിളികളോടെ പുറത്തിറങ്ങി പിരിഞ്ഞുപോയി.
-പി.എ.എം. ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.