തിരുവനന്തപുരം: പ്രവാസികള്‍ക്ക് ലാഭവിഹിതം പെന്ഷന് പദ്ധതിയെന്ന ആശയവുമായി കേരള പ്രവാസി ക്ഷേമ ബോര്‍ഡ്. അഞ്ചു ലക്ഷത്തില്‍ കുറയാത്ത തുക നിക്ഷേപമായി സ്വീകരിച്ച് മൂന്നു വര്‍ഷത്തിനുശേഷം നിശ്ചിതതുക പ്രതിമാസം ജീവിതകാലം മുഴുവന്‍ പെന്‍ഷനായി നൽകുന്നതാണ് പദ്ധതി. വാര്‍ധക്യകാലത്ത് പ്രവാസികള്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്താണ് പദ്ധതി ആവിഷ്കരിച്ചതെന്നും അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചതായും പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്മാന് പി.ടി. കുഞ്ഞിമുഹമ്മദ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തോ സ്വദേശത്തോ ഉള്ള പ്രവാസികള്‍ക്ക് അഞ്ചു ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ഈ തുക ആറു തവണകളായോ ഒരുമിച്ചോ നിക്ഷേപിക്കാം. ഫണ്ട് പൂർണമായും ലഭിച്ച് മൂന്നുവര്‍ഷത്തിനുശേഷമാണ് സർക്കാർ നിശ്ചയിക്കുന്ന ലാഭവിഹിതം ലഭ്യമാകുക. നിക്ഷേപകന് മരണംവരെയും അതിനുശേഷം ‘ഭാര്യ/ഭര്‍ത്താവി’നുമാണ് ലാഭവിഹിതം അനുവദിക്കുക. ഇവരുടെയും മരണശേഷം നിക്ഷേപതുക നിയമപരമായ അവകാശികള്‍ക്ക് കൈമാറും. പ്രതിമാസം 5000 രൂപയെങ്കിലും ലഭിക്കും. നിക്ഷേപ തുക ഇടക്ക് പിന്‍വലിക്കാനോ നിക്ഷേപത്തിനുമേല്‍ ലോണ്‍ എടുക്കാനോ കഴിയില്ല.
ജീവിതസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികള്‍ക്കായി വില്ലകള്‍ നിര്‍മിച്ചുനല്‍കുന്ന പ്രൊട്ടക്ടഡ് പ്രവാസി വില്ലേജ് പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. അര്‍ധനഗരപ്രദേശങ്ങളില്‍ ആവശ്യമായ ഭൂമി ഏറ്റെടുത്ത് അഞ്ച് മുതല്‍ 10 വരെ സെൻറായി വേര്‍തിരിച്ച് 1000 മുതല്‍ 3000 വരെ സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ച് പ്രവാസികള്‍ക്ക് വില നിശ്ചയിച്ച് നല്‍കുന്നതാണ് ഇൗ പദ്ധതി. താഴേത്തട്ടിലും ഇടത്തരം ജീവിതനിലവാരത്തിലുമുള്ള പ്രവാസികളെയാണ് ലക്ഷ്യമിടുന്നത്. പ്രവാസിക്ഷേമ പെന്ഷന് ഏകീകൃത നിരക്കില്‍ 2000 രൂപയാക്കിയതിന് പിന്നാലെ കൂടുതല്‍ ആളുകള്‍ക്ക് പെന്ഷന് ലഭ്യമാക്കാനുള്ള നടപടികളും പരിഗണനയിലാെണന്ന് അദ്ദേഹം പറഞ്ഞു. മരണാനന്തര ധനസഹായം കാറ്റഗറി വ്യത്യാസമില്ലാതെ ഒരു ലക്ഷമായി വര്‍ധിപ്പിക്കണമെന്നും 300 രൂപ പ്രതിമാസം അംശാദായം ഒടുക്കുന്ന പ്രവാസി കേരളീയന് (1എ) വിഭാഗത്തിലുള്ളവര്‍ക്ക് പെന്ഷന് തുക 3000 രൂപയാക്കി വര്‍ധിപ്പിച്ച് നല്‍കണമെന്നും ബോര്‍ഡ് ശിപാര്‍ശ ചെയ്തു.
ക്ഷേമനിധിയില്‍ അംഗമായിരിക്കെ അസുഖം, അപകടം എന്നീ കാരണങ്ങളാല്‍ മരണമടയുന്ന പ്രവാസി കേരളീയരായ (വിദേശം) അംഗത്തിെൻറ ആശ്രിതര്‍ക്ക് 50,000 രൂപയും വിദേശത്തുനിന്ന് തിരിച്ചുവന്ന പ്രവാസി കേരളീയനായ അംഗത്തിെൻറ ആശ്രിതര്‍ക്ക് 30,000 രൂപയും പ്രവാസി കേരളീയനായ (ഭാരതം) അംഗത്തിെൻറ അവകാശിക്ക് 25,000 രൂപയും കൽപിത അംഗങ്ങളുടെ ആശ്രിതര്‍ക്ക് 20,000 രൂപയുമാണ് നിലവില്‍ മരണാനന്തര ധനസഹായം നല്‍കുന്നത്.
അംശാദായം ഒടുക്കുന്നതില്‍ ഒരു വര്‍ഷത്തിലേറെ കാലതാമസം വരുത്തി അംഗത്വം നഷ്ടപ്പെട്ടവരുടെ അംഗത്വം പുനഃസ്ഥാപിക്കുന്നതിനായി സെപ്റ്റംബര്‍ മുതല്‍ ആറ് മാസത്തേക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ടെന്നും ചെയര്‍മാര്‍ പി.ടി. കുഞ്ഞിമുഹമ്മദ് അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് സി.ഇ.ഒ സി. ജോസ്, ഡയറക്ടര്‍മാരായ ആര്. കൊച്ചുകൃഷ്ണന്‍, എന്‍.വി. ബാദുഷ, കെ.സി. സജീവ് തൈക്കാട് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.