തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പി.പി.ഇ കിറ്റും എൻ-95 മാസ്കും കൈയുറയും മുഖ കവചവും നിർബന്ധമാക്കണമെന്ന കേരളത്തിന്‍റെ നിർദേശത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിനന്ദനം.
ഇതുസംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരുമായി ചർച്ച നടത്തുമെന്നും എയർലൈൻസ് അധികൃതരുടെ സഹകരണം കേരളത്തിന് നേരിട്ട് ഉറപ്പാക്കാമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്തക്ക് അയച്ച കത്തിൽ പറയുന്നു.
വൈറസ് വ്യാപനം തടയുന്നതിന് കേരളം സ്വീകരിക്കുന്ന പ്രായോഗികമായ സമീപനങ്ങളെ അഭിനന്ദിക്കുന്നു. ഇത്തരം സുരക്ഷ നടപടികൾ വന്ദേഭാരത് മിഷനിലടക്കം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായിക്കുമെന്ന് കത്തിലുണ്ട്.
പ്രവാസി മടക്കത്തിൽ കേരളത്തിന് മാത്രമായി പ്രത്യേകം നിബന്ധന നടപ്പാക്കാനാകില്ലെന്ന് വ്യാഴാഴ്ച വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞതിന് പിന്നാലെയാണ് കേരളം സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ച് കേന്ദ്രവിദേശകാര്യ സെക്രട്ടറിയുടെ കത്ത് രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്. പ്രവാസി മടക്കം: കേരളത്തിന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അഭിനന്ദനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.