തിരുവനന്തപുരം: ഗൾഫിൽനിന്ന് വരുന്നവരോട് കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് അനീതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്ലിം ലീഗ് എം.എല്‍.എമാര്‍ സെക്രേട്ടറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിലേക്ക് വരേണ്ടത് അവരുടെ ജന്മാവകാശമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും. കൂടുതൽ ജംബോ വിമാനങ്ങൾ അവർക്കായി അനുവദിക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണം. ഗൾഫിൽനിന്ന് മടങ്ങിവരുന്നവർക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം. പ്രവാസികളുടെ കാര്യത്തിൽ മന്ത്രി കെ.ടി. ജലീലിന് ഒന്നുമറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാലാവകാശ കമീഷനിലെ നിയമന തീരുമാനം പുനഃപരിശോധിക്കണം. പാർട്ടി സഖാക്കളെ കുത്തിനിറക്കാനുള്ള ഇടമല്ല കമീഷൻ. കോഴിക്കോട് സർവകലാശാല വി.സി കസേരയിൽ ഒമ്പത് മാസമായി ആളില്ല. ഗവർണർ ഒരു നിലപാട് സ്വീകരിക്കുകയും സർക്കാർ മറ്റൊരു നിലപാട് തുടരുകയുമാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി മുഖ്യമന്ത്രി വെളിപ്പെടുത്തണം. നേതാക്കളുടെ പദപ്രയോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതെല്ലാം മുൻകാല പ്രാബല്യത്തോടെ പരിഗണിക്കണമെന്നായിരുന്നു മറുപടി.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിഡിയോ സന്ദേശത്തിലൂടെ ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രവാസികളോടുള്ള അവഗണന ചരിത്രത്തിലില്ലാത്ത നിഷേധാത്മക നിലപാടാണെന്നും ഒരു നാണയത്തിെൻറ രണ്ടുവശം എന്ന നിലയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രവാസി വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് വരുന്നവര്‍ക്ക് രോഗമുണ്ടെങ്കില്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു പകരം വരേണ്ടെന്ന് പറയുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് എന്നിവരും വിഡിയോ വഴി സംസാരിച്ചു. എം.എല്‍.എമാരായ എം.കെ. മുനീര്‍, വി.കെ. ഇബ്രാഹിംകുഞ്ഞ്, എന്‍. ശംസുദ്ദീന്‍, കെ.എന്‍.എ. ഖാദര്‍, സി. മമ്മൂട്ടി, ടി. അഹമ്മദ് കബീര്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹീം, പാറക്കല്‍ അബ്ദുല്ല, ആബിദ് ഹുസൈന് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.