വടകര: നവകേരള സദസ്സിൽ തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ പ്രവാസിയുടെ പരാതി. ചെക്ക് കേസിൽ ചോറോട് മുട്ടുങ്ങൽ സ്വദേശി എ.കെ. യൂസഫാണ് വടകര മണ്ഡലം സദസ്സിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അഹമ്മദ് ദേവർകോവിൽ പാർട്ണറായിട്ടുള്ള സ്ഥാപനം ചെക്ക് കേസിൽ 63 ലക്ഷം രൂപ നൽകണമെന്ന് കോടതിവിധിയുണ്ടെന്നും ഇത് നടപ്പാക്കാൻ സഹായിക്കണമെന്നുമാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയത്. പ്രവാസിയായിരുന്ന യൂസഫിൽനിന്ന് മഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തിന്റെ പാർട്ണർമാരും രണ്ട് വടകര സ്വദേശികളും 2011ൽ 50 ലക്ഷം രൂപ വാങ്ങിയിരുന്നു. ബിസിനസിൽ പങ്കാളിയാക്കാനായിരുന്നു ഇത്.
എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും ഒന്നും നടക്കാതായതോടെ പണം തിരികെ ആവശ്യപ്പെട്ടു. ചെക്ക് നൽകിയെങ്കിലും മടങ്ങിയതോടെ കേസ് കോടതിയിലെത്തി. ഈ ഘട്ടത്തിലാണ് സ്ഥാപനത്തിന്റെ മാനേജിങ് പാർട്ണറെന്ന നിലയിൽ അഹമ്മദ് ദേവർകോവിൽ കോടതിയിൽ വിചാരണ നേരിട്ടത്. ഈ കേസിൽ 63 ലക്ഷം രൂപ പിഴയടക്കാൻ കോടതി വിധിയുണ്ട്. ഇത് ലഭിക്കാത്തതു സംബന്ധിച്ച് നേരത്തെയും യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
വടകര: നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥത സൃഷ്ടിച്ച ഇടതുപക്ഷ വിരുദ്ധരുടെ കൈയിലെ കോടാലിപ്പിടികളാണ് തനിക്കെതിരായ അപവാദ പ്രചാരണത്തിന്റെ പിന്നിലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. താനുമായി നേരിട്ട് ബന്ധമില്ലാത്ത സാമ്പത്തിക ഇടപാടില്‍ പ്രതിചേര്‍ത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ ഹൈകോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഈ കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയതും മാധ്യമങ്ങളിലൂടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചതുമാണ്.
അപവാദങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നതിന് പിന്നില്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ ചിലരാണെന്ന് മന്ത്രി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.