കൊച്ചി: വായ്പക്കായി ജാമ്യം നിന്നത് വഴി ജപ്തി ഭീഷണി നേരിടുന്ന ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ കേസിൽ മൂന്നാഴ്ചക്കുള്ളിൽ പ്രശ്നപരിഹാരം നിർദേശിക്കണമെന്ന് ഹൈകോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാറിനോട് കോടതി നിർദേശിച്ചു. കേസിൽ ആഭ്യന്തര സെക്രട്ടറി, ജില്ലാ കലക്ടർ എന്നിവരെ കക്ഷിചേർത്ത ഹൈകോടതി പ്രദേശത്ത് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം പ്രീതാ ഷാജിയും കുടുംബവും കഴിയുന്ന വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ജനകീയ സമരത്തെ തുടർന്ന് ജപ്തി നടപടികൾ നിർത്തിവെച്ച് തിരികെ പോവേണ്ടി വന്നിരുന്നു. കൂടാതെ പ്രതിഷേധം പ്രദേശത്ത് സംഘർഷത്തിന് വഴിവെക്കുകയും ചെയ്തു. ഈ സാഹചര്യം വിശദീകരിച്ചതിനെ തുടർന്നാണ് ഹൈകോടതി പ്രശ്നപരിഹാരം നിർദേശിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടത്.
വർഷങ്ങൾക്കു മുമ്പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്നബന്ധുവായ സാജന് രണ്ടു ലക്ഷം രൂപയുടെ വായ്പക്കു വേണ്ടി ജാമ്യം നിന്നിരുന്നു. ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെന്‍റ് കിടപ്പാടം ഈട് നൽകുകയും ചെയ്തു. എന്നാല്‍, ബാങ്കില്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയാറായെങ്കിലും തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയക്കുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായെന്നാണ് എച്ച്.ഡി.എഫ്.സി പറയുന്നത്.
ഇതേതുടർന്ന് മരണംവരെ പ്രീത ഷാജി നിരാഹാരസമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. തുടർന്ന്, വീടും സ്ഥലവും ലേലത്തിൽ വാങ്ങിയ ആലങ്ങാട് സ്വദേശി എന്‍.എന്‍. രതീഷ് ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയെ തുടര്‍ന്നാണ് തുടർന്ന് നടപടി സ്വീകരിക്കാൻ ഹൈകോടതി ഉത്തരവിട്ടത്. ഒഴിപ്പിക്കുമ്പോള്‍ പ്രശ്‌ന സാധ്യതയുണ്ടെന്നും അതിനാല്‍ രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.